പൂന്തുറയിൽ ദ്രുത പ്രതികരണ സംഘം രം​ഗത്ത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറും

പൂന്തുറയിൽ ദ്രുത പ്രതികരണ സംഘം രം​ഗത്ത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറും
പൂന്തുറയിൽ ദ്രുത പ്രതികരണ സംഘം രം​ഗത്ത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന പൂന്തുറ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി ദ്രുത പ്രതികരണ സംഘം രം​ഗത്തിറങ്ങുന്നു. റവന്യു- പൊലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്പോൺസ് ടീമിനു രൂപം നൽകിയതായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കുമെന്നും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്ന് ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

പ്രദേശത്തുള്ള ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും കോവിഡ് ലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എടിഎം. എന്നിവ രാവിലെ പന്ന് മണി മുതൽ അഞ്ച് വരെ ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുമെന്നും പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇതു കൂടാതെ പൂന്തുറ പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും കലക്ടർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com