ഭയാനക സാഹചര്യം; പട്ടാമ്പി കോവിഡ് ക്ലസ്റ്റര്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, പൊതുഗതാഗതം ഇല്ല

കോവിഡ് വ്യാപനത്തില്‍ പാലക്കാട് ഭയാനകമായ സാഹചര്യമെന്ന് മന്ത്രി എ കെ ബാലന്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

പാലക്കാട്: കോവിഡ് വ്യാപനത്തില്‍ പാലക്കാട് ഭയാനകമായ സാഹചര്യമെന്ന് മന്ത്രി എ കെ ബാലന്‍. ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ സൂപ്പര്‍ സ്‌പ്രൈഡിലേക്കും പിന്നീട് സമൂഹ വ്യാപനത്തിലേക്കും നീങ്ങാമെന്നും എ കെ ബാലന്‍ മുന്നറിയിപ്പ് നല്‍കി. നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പട്ടാമ്പി ക്ലസ്റ്ററായി രൂപപ്പെട്ടുവെന്ന് എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുബന്ധ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. കോവിഡ് രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി എ കെ ബാലന്‍ പറഞ്ഞു.

നിലവില്‍ ജില്ലയില്‍ 28 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉളളത്. ഇതുള്‍പ്പെടെ 47 രോഗബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പോലും പരിശോധനയ്ക്ക വിധേയമാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒരു വ്യക്തിയില്‍ നിന്ന് പോലും നിരവധിപ്പേര്‍ക്ക് രോഗം സംഭവിക്കാമെന്നാണ് ഇതുവരെയുളള അനുഭവം വ്യക്തമാക്കുന്നത്. അടുത്തദിവസങ്ങളിലായി 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  338 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com