അസ്ഥികൂടം ബാര്‍ ജീവനക്കാരന്റേത്, സ്വര്‍ണ ചെയ്ന്‍ കാണാനില്ല, ലഹരിമാഫിയയുടെ താവളത്തില്‍ എങ്ങനെ എത്തി?; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന്‌ കണ്ടെത്തിയ ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം തിരിച്ചറിഞ്ഞു
അസ്ഥികൂടം ബാര്‍ ജീവനക്കാരന്റേത്, സ്വര്‍ണ ചെയ്ന്‍ കാണാനില്ല, ലഹരിമാഫിയയുടെ താവളത്തില്‍ എങ്ങനെ എത്തി?; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന്‌ കണ്ടെത്തിയ ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം തിരിച്ചറിഞ്ഞു. വൈക്കം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണു ഹരിദാസാണ് (23) മരിച്ചത്. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം ഇന്നലെ കണ്ടെത്തിയത്. മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ന്ന് അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മകനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ വൈക്കം പൊലീസിന് പരാതി നല്‍കിയിരുന്നു. ജൂണ്‍ മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിഷ്ണു ധരിച്ചിരുന്ന സ്വര്‍ണ ചെയ്ന്‍ ഉള്‍പ്പെടെ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ജൂണ്‍ മൂന്നിന് ബാറിന് മുന്‍പില്‍ ബസില്‍ വന്ന് ഇറങ്ങിയതായി പൊലീസ് പറയുന്നു. ഫോണ്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം ഭാഗത്തേയ്ക്കുളള ബസില്‍ കയറി. കെഎസ്ആര്‍ടിസി ബസില്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് ശ്രദ്ധയില്‍പ്പെട്ടതായി കണ്ടക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ഈ മൊഴി രേഖപ്പെടുത്തിയത്. വീട്ടില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലഹരിമാഫിയ താവളമടിക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ്ണു എങ്ങനെ അവിടെ എത്തി എന്നത് അടക്കമുളള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ജിഷ്ണുവിനെ കാണാതായി എന്ന പരാതി വൈക്കം പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കിലും മൃതദേഹം കണ്ടെത്തിയത് ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.

പ്രസിന്റെ പഴയ കാന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടപ്പുണ്ട്. ഇത് ജിഷ്ണു ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് മൃതദേഹം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com