കള്ളപ്പണകേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് ഹൈക്കോടതിയിൽ ; ഇബ്രാഹിം കുഞ്ഞിന് നിർണായകം

ഇബ്രാഹിം കുഞ്ഞിന് പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ്  ആവശ്യം
കള്ളപ്പണകേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് ഹൈക്കോടതിയിൽ ; ഇബ്രാഹിം കുഞ്ഞിന് നിർണായകം

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഇന്ന് നിർണായകം. ഇബ്രാഹിം  കുഞ്ഞിനെതിരായ രണ്ട് കേസുകൾ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും.  ആലുവ മണപ്പുറം പാലം  അഴിമതിയും കള്ളപ്പണക്കേസുമാണ് കോടതിയുടെ പരി​ഗണനയ്ക്ക് വരുന്നത്. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ  ആവശ്യം.

ഹര്‍ജിയില്‍ എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.  വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം നടത്താമെന്നാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് ഇ ഡി വിജിലൻസിന് കത്ത് നൽകിയിട്ടുണ്ട്.

ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിക്കുന്നതിന് എതിരെയുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പാരാതിയിൽ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിച്ചതിനാൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഹ‍ർജിയിലെ പ്രധാന ആരോപണം.

മുൻ മന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്താനുള്ള അനുമതിക്കായി നൽകിയ അപേക്ഷ ഇപ്പോഴും സർക്കാറിന്‍റെ പക്കലാണെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ നിലവിലുള്ള സ്ഥിതി അടക്കം ഉൾപ്പെടുത്തി വിശദമായ മറുപടി ഇന്ന് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com