ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്ണിന് തുടരും

പുലര്‍ച്ചെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രക്ഷേപണം പുനരാരംഭിച്ചത്
ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്ണിന് തുടരും

കൊച്ചി: പ്രമുഖ മലയാളം വാര്‍ത്ത ചാനല്‍ ഏഷ്യാനെറ്റിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. എന്നാല്‍ മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

പുലര്‍ച്ചെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. 

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com