'നിപ്പ വന്നപ്പോള്‍ നിങ്ങള്‍  മാളങ്ങളില്‍ ഒളിച്ചു, ലോകം മുഴുവന്‍ ശൈലജ ടീച്ചറെ ഉറ്റുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല'; ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി 

സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍
'നിപ്പ വന്നപ്പോള്‍ നിങ്ങള്‍  മാളങ്ങളില്‍ ഒളിച്ചു, ലോകം മുഴുവന്‍ ശൈലജ ടീച്ചറെ ഉറ്റുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല'; ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി 

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ് എന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്റെ മറുപടി.സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ലോകം മുഴുവന്‍ അവരെ ഉറ്റുനോക്കുകയാണ്. ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല എന്ന് അറിയാം. പ്രശസ്തി മുഴുവനും അവര്‍ കൊണ്ടുപോകുമോ എന്ന ഭയമാണ് നിങ്ങള്‍ക്ക്. പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ശൈലജ ടീച്ചര്‍ മാത്രമാണ്. അവര്‍ അവരുടെ കടമ ചെയ്യുന്നു എന്നുമാത്രം. പ്രതിപക്ഷത്തിന്റെ പ്രവൃത്തി ലജ്ജാകരമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്. ആരോഗ്യമന്ത്രി പറഞ്ഞത് പോലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.'-  ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി മീഡിയാ മാനിയയും ഇമേജ് ബില്‍ഡിംഗും അവസാനിപ്പിക്കണം എന്നത് അടക്കം രൂക്ഷ വിമര്‍ശനങ്ങളുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

എല്ലായിപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതി.  നിയമസഭയിലെ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനാണ് വഴിവെക്കുക. ലോക്‌സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയത്. ആരോഗ്യമന്ത്രിയുടെ ഈ മീഡിയാ മാനിയ ഒഴിവാക്കണം. മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ജനങ്ങള്‍ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമിച്ചത്. ഇമേജ് ബില്‍ഡിംഗ് അല്ല ആവശ്യം. ഈ ഏര്‍പ്പാട് മന്ത്രി നിര്‍ത്തണം. ആളുകള്‍ പരിഭ്രാന്തിയിലാണ്. സംസ്ഥാനത്ത് ആവശ്യത്തിന് മാസ്‌കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com