മക്കളെ, സ്കൂൾ അടച്ചെന്ന് കരുതി അത്ര സന്തോഷിക്കേണ്ട; പരീക്ഷ നിങ്ങളെ തേടി വീട്ടിലെത്തും

മക്കളെ, സ്കൂൾ അടച്ചെന്ന് കരുതി അത്ര സന്തോഷിക്കേണ്ട; പരീക്ഷ നിങ്ങളെ തേടി വീട്ടിലെത്തും
മക്കളെ, സ്കൂൾ അടച്ചെന്ന് കരുതി അത്ര സന്തോഷിക്കേണ്ട; പരീക്ഷ നിങ്ങളെ തേടി വീട്ടിലെത്തും

കൊച്ചി: പരീക്ഷ ഒഴിവായെന്ന് വിചാരിച്ചിരിക്കുന്ന കുട്ടികൾ അത്ര സന്തോഷിക്കേണ്ട. കൊറോണ ബാധയെത്തുടര്‍ന്ന് ഏഴു വരെ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഒഴിവാക്കി എല്ലാവര്‍ക്കും അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ പരീക്ഷ നിങ്ങളെത്തേടി വീടുകളിലെത്തും.  

തയ്യാറാക്കിയ ചോദ്യപ്പേപ്പറുകള്‍ പാഴാക്കാന്‍ വയ്യാതെ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു സ്‌കൂളുകള്‍. അപ്പോഴാണ് ചോദ്യക്കടലാസുകള്‍ എന്തുകൊണ്ട് വീടുകളിലെത്തിച്ചൂകൂടാ എന്ന് ചില മാനേജ്‌മെന്റുകള്‍ ചിന്തിച്ചത്. അതിനുള്ള ഒരുക്കത്തിലാണ് ചില സ്‌കൂളുകള്‍. സിബിഎസ്ഇ., എയ്ഡഡ് സ്‌കൂളുകളിലാണ് അറിയിപ്പുകള്‍ ലഭിച്ചത്. മാനേജ്‌മെന്റുകളുടെ തീരുമാനപ്രകാരമാണിത്. 

മാതാപിതാക്കള്‍ സ്‌കൂളിലെത്തി ചോദ്യപ്പേപ്പറുകള്‍ കൈപ്പറ്റണം. വീട്ടിലിരുന്ന് ഉത്തരങ്ങള്‍ എഴുതിയ ശേഷം ഉത്തരക്കടലാസുകള്‍ നിശ്ചിത ദിവസത്തില്‍ തിരികെ സ്‌കൂളിലെത്തിക്കണം. തുടര്‍ന്ന് അധ്യാപകര്‍ വിലയിരുത്തിയ ശേഷം റിസള്‍ട്ട് അറിയിക്കും.

ചില സ്‌കൂളുകളില്‍ ഓണ്‍ലൈനായും ചോദ്യപ്പേപ്പറുകള്‍ നല്‍കുന്നുണ്ട്. ഓരോ ദിവസവും ഓരോ വിഷയം വീതമാണ് ക്രമീകരണം. രാവിലെ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമയത്ത് വാട്‌സാപ്പിലേക്ക് സ്‌കൂള്‍ വെബ്‌സൈറ്റ് ലിങ്ക് ലഭിക്കും. ഇതിലൂടെ ചോദ്യപ്പേപ്പറുകള്‍ കണ്ടെത്തി പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കാം.

രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാകും പരീക്ഷ. രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകും വിധമുള്ള സമയം തിരഞ്ഞെടുക്കാം. പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസുകള്‍ മാതാപിതാക്കള്‍ സൂക്ഷിക്കണം. പരീക്ഷാവസാനം ഇത് സ്‌കൂളിലെത്തിക്കണം.

വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും അധ്യാപകര്‍ക്ക് ഈ ദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാണ്. മാര്‍ച്ച് 31 വരെ അധ്യാപകര്‍ക്ക് സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ചുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com