'പനിയും ചുമയും ഉള്ളവർ വരരുത്, തൂവാലയോ മാസ്കോ ധരിക്കണം' ; മദ്യം വാങ്ങാനെത്തുന്നവർക്ക് മാർ​ഗനിർദേശവുമായി ബിവറേജസ് കോർപ്പറേഷൻ

ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു
'പനിയും ചുമയും ഉള്ളവർ വരരുത്, തൂവാലയോ മാസ്കോ ധരിക്കണം' ; മദ്യം വാങ്ങാനെത്തുന്നവർക്ക് മാർ​ഗനിർദേശവുമായി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം : കോവിഡ് രോ​ഗ ബാധയുടെ പശ്ചാത്തലത്തിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ബിവറേജസ് കോർപ്പറേഷൻ. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നാണ് ബെവ്കോയുടെ നിര്‍ദേശം.  മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും ബെവ്കോ സര്‍ക്കുലറില്‍ പറയുന്നു.

മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് 270 ഔട്ട്‌ലറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്. 

ആളുകൾ കൂട്ടമായെത്തുന്ന സ്ഥലം എന്നതു പരി​ഗണിച്ച്  ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്നാണ്  പ്രതിപക്ഷം അടക്കം ഒരു വിഭാ​ഗം  ആവശ്യപ്പെടുന്നത്. എന്നാൽ മദ്യശാലകൾ ഒരു കാരണവശാലും അടയ്ക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആവർത്തിച്ചു. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറു ഷോപ്പുകളില്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിട്ടുണ്ട്. ലഹരി നിര്‍മാര്‍ജന സമിതിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com