കോഴിക്കോട് നഗരത്തില്‍ ആശങ്ക; ബീച്ച് ആശുപത്രിയില്‍ നിന്നും മുങ്ങിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു; സന്ദര്‍ശകര്‍ക്ക് വിലക്ക്

ബുധനാഴ്ച മുതല്‍ ബീച്ച് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരില്ലാത്ത സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട് നഗരത്തില്‍ ആശങ്ക; ബീച്ച് ആശുപത്രിയില്‍ നിന്നും മുങ്ങിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു; സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്:  മാഹിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ രോഗിക്ക്. ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശവും മുന്നറിയിപ്പും ലംഘിച്ചാണ് ആശുപത്രിയില്‍നിന്ന് ചാടിയത്.

ചികിത്സയിലുണ്ടായിരുന്ന രോഗി പുറത്തുപോകാന്‍ ഇടയായതില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ പറഞ്ഞു.  ബുധനാഴ്ച മുതല്‍ ബീച്ച് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരില്ലാത്ത സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് ലക്ഷണങ്ങളോടെയാണ് മാഹി ജനറല്‍ ആശുപത്രിയില്‍നിന്ന് ചാലക്കര സ്വദേശിയായ അറുപത്തിയെട്ടുകാരിയെ വെള്ളിയാഴ്ച വൈകിട്ട് ബീച്ച് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിലെത്തിയ രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഇവിടെ നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവര്‍ മാഹിയിലേക്ക് പോയി. മാഹിയില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ തലശേരിയിലാണ് ഇറങ്ങിയത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയത് ആശുപത്രി അധികൃതര്‍ മാഹിയില്‍ അറിയിച്ചു. ഇവരെ വൈകിട്ട് വീണ്ടും മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രോഗി സഞ്ചരിച്ച വഴി അന്വേഷിച്ച് റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും അന്വേഷിക്കുകയാണ്. സ്വകാര്യ ഏജന്‍സി വഴി ഉംറ പൂര്‍ത്തിയാക്കി 13ന് പുലര്‍ച്ചെ നാലിനാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സഹയാത്രികരുടെ പട്ടികയും തയാറാക്കുന്നുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com