ഹോം ക്വാറന്റൈന്‍ എന്നത് സ്വന്തം വീട്ടില്‍ പോകാനാണെന്ന് കരുതി; ഔദ്യോഗിക വസതിയില്‍ ഭക്ഷണം ലഭിച്ചില്ല: വിചിത്രവാദങ്ങളുമായി സബ് കലക്ടര്‍

കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയതില്‍ വിചിത്ര വിശദീകരണവുമായി കൊല്ലം ജില്ലാ സബ് കലക്ടര്‍ അനുപം മിശ്ര.
ഹോം ക്വാറന്റൈന്‍ എന്നത് സ്വന്തം വീട്ടില്‍ പോകാനാണെന്ന് കരുതി; ഔദ്യോഗിക വസതിയില്‍ ഭക്ഷണം ലഭിച്ചില്ല: വിചിത്രവാദങ്ങളുമായി സബ് കലക്ടര്‍


കൊല്ലം: കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയതില്‍ വിചിത്ര വിശദീകരണവുമായി കൊല്ലം ജില്ലാ സബ് കലക്ടര്‍ അനുപം മിശ്ര. ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ പോവുക എന്നു കരുതിയെന്നാണ് അനുപം മിശ്ര കലക്ടര്‍ക്ക് നല്‍കിയ വിചിത്ര വിശദീകരണം. കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയത്. തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും സബ്കലക്ടര്‍ പറ്ഞ്ഞു. 

എന്നാല്‍ ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു എന്ന സബ് കലക്ടറുടെ വാദം ജില്ലാ ഭരണകൂടം തള്ളിക്കളഞ്ഞു.  സംഭവത്തില്‍ സബ് കലക്ടര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സബ് കലക്ടറുടെ  നിയമലംഘനത്തെപ്പറ്റി കലക്ടര്‍ റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. 

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സബ് കലക്ടറുടെ നടപടി ചട്ടലംഘനമാണെന്നും ഇദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. 

മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങി എത്തിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ാം തീയതിയാണ് കലക്ടര്‍ നിര്‍ദേശിച്ചത്. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്.

ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

സബ്കല്കടറുടെ ഗണ്‍മാനും ഡ്രൈവറും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറിവോടെയാണ് അനുപം മിശ്ര മുങ്ങിയതെങ്കില്‍ വകുപ്പ് തല നടപടിയുണ്ടാകും. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com