പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും; കൊറോണ കെയര്‍ സെന്ററുകള്‍ക്ക് ലോഡ്ജുകളിലെ 250മുറികള്‍ വിട്ടുനല്‍കും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡും ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷനും അറിയിച്ചു
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും; കൊറോണ കെയര്‍ സെന്ററുകള്‍ക്ക് ലോഡ്ജുകളിലെ 250മുറികള്‍ വിട്ടുനല്‍കും

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡും ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷനും അറിയിച്ചു. കൊറോണ വൈറസ് രോഗബാധയുടെ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി  കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിന്  ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ലോഡ്ജുകളിലെ  250 മുറികള്‍ മുഴുവനായും  സര്‍ക്കാരിന് വിട്ടു തരാമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അറിയിച്ചു.

ഗുരുവായൂരില്‍, സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന് ലോഡ്ജ് ഓണേഴ്‌സ് ഭാരവാഹികളും പറഞ്ഞു. ഇത് സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. നിലവില്‍ ചെറുതും വലുതുമായി 150ലധികം ലോഡ്ജുകള്‍ ഗുരുവായൂരിലുണ്ട്. അതിനാല്‍ തന്നെ ആയിരത്തിലധികം ആളുകളെ താമസിപ്പിക്കുന്നതിന് ഇവിടം അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

നിലവില്‍ ലോഡ്ജുകള്‍ അഭിമുഖീകരിക്കുന്ന വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങള്‍ കഴുകാനുള്ള സൗകര്യത്തിന് കൂടുതല്‍ സംഭരണശേഷിയുള്ള ലോണ്ട്രികള്‍  തെരഞ്ഞെടുത്ത് പ്രവര്‍ത്തനമാരംഭിക്കും.

കുറഞ്ഞ ആളുകളുടെ സേവനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സജീവമാകുകയാണ് വേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അഭിപ്രായപ്പെട്ടു. കൂട്ടമായി ആളുകള്‍ വന്നാല്‍ അടിയന്തരമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം ഇല്ലെന്നും വിലക്കയറ്റം തടയുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അതിന് മുന്നോടിയായി 35 ട്രക്കുകളിലായി തൃശ്ശൂരില്‍ പച്ചക്കറികള്‍ എത്തിയിട്ടുണ്ട്. പൊതുനിരത്തില്‍ ഇറങ്ങാതെ ജനങ്ങള്‍ സഹകരിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തും. പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com