യാത്രയ്ക്ക് ഓൺലൈൻ പാസ്; ദുരുപയോ​ഗിച്ചാൽ കർശന നിയമ നടപടി

യാത്രയ്ക്ക് ഓൺലൈൻ പാസ്; ദുരുപയോ​ഗിച്ചാൽ കർശന നിയമ നടപടി
യാത്രയ്ക്ക് ഓൺലൈൻ പാസ്; ദുരുപയോ​ഗിച്ചാൽ കർശന നിയമ നടപടി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിന് ഓൺലൈൻ പാസ്. യാത്രക്കാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്റെ ഒപ്പ് അപ്‌ലോഡ് ചെയ്യണം. 

ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ച ശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസേജ് ആയി നല്‍കും. യാത്രാ വേളയില്‍ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിലും ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസേജ്  ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്ന് തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.

വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം  ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസേജ്  ആയി ലഭിക്കും. ഇതും ആഴ്ചയില്‍ പരമാവധി മൂന്ന് തവണയേ ലഭിക്കൂ. 

നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അപേക്ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com