കോട്ടയത്ത് പരിശോധനയ്ക്കായി കൊണ്ടു വന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; താലൂക്ക് ഓഫീസ് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയത്ത് പരിശോധനയ്ക്കായി കൊണ്ടു വന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; താലൂക്ക് ഓഫീസ് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയത്ത് പരിശോധനയ്ക്കായി കൊണ്ടു വന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; താലൂക്ക് ഓഫീസ് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: പരിശോധനയ്ക്കു കൊണ്ടുവന്ന പിസ്റ്റൾ താലൂക്ക് ഓഫീസ് വരാന്തയിൽ വെച്ച് ഉടമയുടെ കൈയിലിരുന്ന് പൊട്ടി. സമീപത്തുണ്ടായിരുന്ന ഓഫീസ് ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വഴ്ച ഉച്ചയ്ക്ക് കോട്ടയത്താണ് സംഭവുണ്ടായത്. വെടിയുണ്ടയുടെ ദിശ മാറിയതിനാൽ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബൻ തോമസിന്റെ കൈവശമിരുന്ന തോക്കാണ് പൊട്ടിയത്. സെക്ഷൻ ക്ലർക്ക് അനീഷാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തോക്ക് ലൈസൻസ് പുതുക്കി കിട്ടുന്നതിന് മുമ്പ് പോലീസ്, തഹസീൽദാർ എന്നിവരുടെ പരിശോധന ആവശ്യമാണ്. അതിനാണ് ഉടമ തോക്കുമായി താലൂക്ക് ഓഫീസിൽ വന്നത്.

ബോബൻ തോമസ് എത്തിയ സമയത്ത് ലാൻഡ് ട്രിബ്യൂണൽ യോഗം തഹസീൽദാർ പിജി രാജേന്ദ്രബാബുവിന്റെ ഓഫീസിൽ നടക്കുകയായിരുന്നു. അതിനാൽ കുറച്ചു സമയം ഇദ്ദേഹം വെളിയിൽ കാത്തിരുന്നു. 12.40-ന് തഹസീൽദാർ ഇദ്ദേഹത്തിനെ വിളിക്കാൻ നിർദ്ദേശിച്ചു. 

സെക്ഷൻ ക്ലർക്ക്  അനീഷ് കുമാർ ഇതിന്റെ ഫയലുമായി ബോബനൊപ്പം തഹസീൽദാർ ക്യാബിനിലേക്ക് വരുന്നതിനിടെ ക്യാബിന് പുറത്തെ വരാന്തയിൽ വെച്ച് പെട്ടെന്ന് തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സമീപത്തെ തൂണിൽ ഇടിച്ച് തെറിച്ച് പുറത്തേക്ക് പോയി. ബോബനും അനീഷും നിന്നതിന്റെ എതിർദിശയിലേക്കാണ് വെടിയുണ്ട പോയത്.

ശബ്ദം കേട്ട് തഹസീൽദാരും മറ്റ് ജീവനക്കാരും ഓടിയെത്തിയതിനു പിന്നാലെ അബദ്ധം പറ്റിയതാണെന്ന് ബോബൻ വ്യക്തമാക്കി. വിവരം രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ പോകാൻ അനുവദിച്ചു. തോക്ക് പരിശോധിക്കാനാവില്ലെന്ന് തഹസീൽദാർ അറിയിച്ചു. പിന്നീട് വെടിയുണ്ടയുടെ കേയ്‌സ് പരിസരത്തു നിന്ന് കണ്ടെടുത്തു. താലൂക്ക് ഓഫീസിന്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.

തോക്ക് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടത് വെടിയുണ്ട ഇല്ലാതെയാണ്. ഇവിടെ അത് പാലിച്ചിട്ടില്ല. ഇദ്ദേഹം തോക്ക് ഉപയോഗിക്കാൻ യോഗ്യനല്ലന്ന് റിപ്പോർട്ട് നൽകുമെന്ന് തഹസീൽദാർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com