തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി ; സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, സെക്രട്ടേറിയറ്റ് തീപിടുത്തം കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തി്ല്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇതിന് ശ്രമം നടത്തുന്നത്. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഇതിന് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഫോറന്‍സിക് വിഭാഗം കോടതിയില്‍ നല്‍കിയ കെമിക്കല്‍ റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. തീപിടുത്തത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് ആസ്ഥാനത്തെ ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു വരുത്തി. പരിശോധനാ ഫലത്തെക്കുറിച്ച് ചോദിച്ചു. റിപ്പോര്‍ട്ട് എതിരാണെങ്കില്‍ കോടതിയില്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു. ഇത് അസ്വാഭാവിക നടപടിയാണ്. ഇത്തരം നിര്‍ദേശം നല്‍കാന്‍ ഐജിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

2021 ഫെബ്രുവരി വരെ കാലാവധിയുള്ള ഡയറക്ടര്‍ ഇപ്പോള്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇത് സര്‍ക്കാരിന്റെ ഭീഷണി ഭയന്നിട്ടാണെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തിന്റെ തലപ്പത്ത് സയന്റിസ്റ്റിന് പകരം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി. ഇത് കേസുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഈ ശുപാര്‍ശ തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ഫോറന്‍സിക് വിഭാഗത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്. ഇവരാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഫോറന്‍സിക് വിഭാഗത്തില്‍ ഒഴിവുണ്ടെങ്കില്‍ പി എസ് സി വഴി നികത്തുകയാണ് വേണ്ടത്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തു വരാതിരിക്കാനാണ് വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഐ ക്രമക്കേട് കണ്ടെത്താതിരിക്കാനായി ഫയലുകള്‍ വിജിലന്‍സ് കയ്യടക്കി വെച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com