സ്വപ്നയെ ശിവശങ്കർ സഹായിച്ചത് മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ, അധികാരത്തിൽ തുടരാൻ അവകാശമില്ല; ചെന്നിത്തല

'കേരളത്തിന് ഇത്രയധികം അപമാനമുണ്ടാക്കിയ മറ്റൊരു മുഖ്യമന്ത്രിയില്ല'
സ്വപ്നയെ ശിവശങ്കർ സഹായിച്ചത് മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ, അധികാരത്തിൽ തുടരാൻ അവകാശമില്ല; ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടും ആശിര്‍വാദത്തോടെയുമാണ് സ്വപ്‌നയ്ക്ക് എല്ലാ സഹായങ്ങളും ശിവശങ്കര്‍ ചെയ്തുകൊടുത്തതെന്നും അതിനാൽ അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. തങ്ങളും മന്ത്രിസ്ഥാനത്ത് ഇരുന്നവരാണ്. മന്ത്രി പറയുന്നത് അനുസരിച്ചേ പ്രൈവറ്റ് സെക്രട്ടറിമാര്‍ പ്രവര്‍ത്തിക്കാറുള്ളൂ. ഒന്നും അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിന് ഭരണവുമായി ഒരു ബന്ധവുമില്ല. അല്ലെങ്കില്‍ അദ്ദേഹം കാര്യങ്ങള്‍ ബോധപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

ശിവശങ്കര്‍ ഒറ്റയ്ക്ക് ഇങ്ങനെയെല്ലാം ചെയ്യുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടും ആശിര്‍വാദത്തോടെയുമാണ് സ്വപ്‌നയ്ക്ക് എല്ലാ സഹായങ്ങളും ശിവശങ്കര്‍ ചെയ്തുകൊടുത്തത്. ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ് നില്‍ക്കുന്നത്. അദ്ദേഹത്തെയും ചോദ്യംചെയ്യേണ്ടി വരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും എന്നതില്‍ സംശയമില്ല. കേരളത്തിന് ഇത്രയധികം അപമാനമുണ്ടാക്കിയ മറ്റൊരു മുഖ്യമന്ത്രിയില്ല. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പുറത്തുപോകാന്‍ തയ്യാറാകണം. എസ്എഫ്‌ഐ സഹയാത്രികന്‍കൂടി ആയിരുന്ന ഒരാളെ ആവശ്യമായ പരിശോധന നടത്താതെ ആയിരുന്നോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതെന്നും അദ്ദേഹം ചോദിച്ചു. 

സ്പ്രിങ്ക്‌ളര്‍ ആരോപണം ഉയര്‍ന്നതു മുതല്‍ മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തത്. ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് താന്‍ പലതവണ ആവശ്യപ്പെട്ടതാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. നാലര വര്‍ഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തീവെട്ടിക്കൊള്ളയാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുഴുവന്‍ പവിത്രതയും നഷ്ടപ്പെടുത്തി നടത്തിയ ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com