'ഞങ്ങളുടെ മക്കള്‍ സമൂഹത്തിന്റെ സ്വാധീന ശക്തിയില്‍ തെറ്റ് ചെയ്‌തെന്നുവരും'; പ്രധാനമന്ത്രിക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ബിനീഷ് കോടിയേരിയുടെയും ശിവശങ്കറിന്റെയും വിഷയം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ചയായിട്ടില്ല
'ഞങ്ങളുടെ മക്കള്‍ സമൂഹത്തിന്റെ സ്വാധീന ശക്തിയില്‍ തെറ്റ് ചെയ്‌തെന്നുവരും'; പ്രധാനമന്ത്രിക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ശിവശങ്കര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്ക് ഉള്ളതുപോലുള്ള ധാര്‍മിക ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുമുണ്ട്. അദ്ദേഹത്തിന്റെ കീഴിലാണ് എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരും. അതിലൊന്നും കാര്യമില്ല. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള നടപടി എടുത്തിട്ടുണ്ട്.- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ബിനീഷ് കോടിയേരിയുടെയും ശിവശങ്കറിന്റെയും വിഷയം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ചയായിട്ടില്ല. അന്വേണങ്ങളില്‍ കിട്ടുന്ന രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ഓരോ മണിക്കൂറും ബിജെപിക്ക് ചോര്‍ത്തി നല്‍കുന്നു. ഇത് അങ്ങേയറ്റത്തെ നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന് അപകടമാണ്. ജനങ്ങളെ അണിനിരത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ഉത്തരം പറയണം. തെറ്റു ചെയ്ത ആരേയും സംരക്ഷിക്കില്ല. തെളിവുകള്‍ ഹാജരാക്കട്ടെ, കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ. ഞങ്ങളുടെ മക്കള്‍ നല്ലതു ചെയ്യുന്നവരുണ്ടാകും. ചിലപ്പോള്‍ ഇന്നത്തെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന്റെയും സ്വാധീന ശക്തിയുടെയും അടിസ്ഥാനത്തില്‍ തെറ്റ് ചെയ്‌തെന്നുവരും. തെറ്റ് ചെയ്ത ആരേയും ഞങ്ങള്‍ സംരക്ഷിക്കുന്നില്ല. എല്ലാ വൃത്തികേടുമുള്ള സമൂഹത്തിന്റെ സ്വാധീന ശക്തി ഏറിയും കുറഞ്ഞും ഞങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളിലും സ്വാധീനം ചെലുത്തിയെന്ന് വരാം. അത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ തിരുത്താന്‍ ശ്രമിക്കും.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com