'അവന്‍ രണ്ടാമത് ജനിച്ചതുപോലെ';  അലന് ജാമ്യം കിട്ടിയതില്‍ അമ്മയുടെ പ്രതികരണം

20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെയാണ് തോന്നുന്നതെന്ന് യുഎപിഎ കേസില്‍ മകന് ജാമ്യം ലഭിച്ചതറിഞ്ഞ് സബിതാ മഠത്തില്‍
'അവന്‍ രണ്ടാമത് ജനിച്ചതുപോലെ';  അലന് ജാമ്യം കിട്ടിയതില്‍ അമ്മയുടെ പ്രതികരണം

കോഴിക്കോട്: 20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെയാണ് തോന്നുന്നതെന്ന് യുഎപിഎ കേസില്‍ മകന് ജാമ്യം ലഭിച്ചതറിഞ്ഞ് സബിതാ മഠത്തില്‍.  ജാമ്യം ലഭിച്ചതില്‍ അത്രയധികം സന്തോഷമുണ്ട്. അവന്‍ തന്റെ കൂടെയെത്തിയാല്‍ മാത്രമെ ജാമ്യം ലഭിച്ചെന്ന് പറയാന്‍ പറ്റൂ എന്നും സബിത മാധ്യങ്ങളോട് പറഞ്ഞു. 

അലനൊപ്പം താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. താഹയുടെ അമ്മ അനുഭവിച്ച വേദന അമ്മ എന്ന നിലയില്‍ തനിക്കറിയാന്‍ കഴിയും. അലന് മുന്‍പെ താഹയ ജയിലില്‍ നിന്ന് ഇറങ്ങിയാലും താന്‍ സന്തോഷവതിയാണ്. ആദ്യം മുതല്‍ പ്രിവിലേജ് ഗ്രൂപ്പ് എന്ന് പറഞ്ഞ് പീഡിപ്പിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഒരുു പ്രിവലേജ് ഗ്രൂപ്പ് അല്ല എന്നതിന്റെ ഭാഗമായാണല്ലോ അവന്‍ പത്തുമാസം ജയിലില്‍ കിടന്നതെന്നും സബിത പറഞ്ഞു. 

ഇന്ന് ഉച്ചയോടെയാണ് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫൈസലിനും ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തുമാസം മുന്‍പാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇനിയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ല എന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 

ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നതടക്കമുളള കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com