ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം വ്യാജം; പരിശോധിക്കുന്നത് മുൻഗണനാപദവി

മുൻഗണനാപദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കാനാണ്​ സർക്കാർ തീരുമാനമെന്നാണ് വിശദീകരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ്​ വാങ്ങാത്തവർക്ക്​ റേഷൻ ലഭിക്കില്ലെന്ന വാർത്ത വ്യാജമെന്ന്​ സർക്കാർ. ഇത്തരത്തിൽ നടക്കുന്ന  പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുവിതരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു​. കാർഡുടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരുടെ മുൻഗണനാപദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കാനാണ്​ സർക്കാർ തീരുമാനമെന്നാണ് വിശദീകരണം.

സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ കാർഡ് ഉടമകൾ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരാണെന്ന് മനസ്സിലായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ റേഷനും അതിജീവന കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും  വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.

റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് പറയാനുള്ളത് കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂ. അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം പുതിയ അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാനുള്ള സർക്കാർനീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com