കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഇന്ന് സര്‍വകക്ഷി യോഗം

കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഇന്ന് സര്‍വകക്ഷി യോഗം
കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഇന്ന് സര്‍വകക്ഷി യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം. വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ലോക്ഡൗണ്‍ ഒഴിവാക്കി രോഗ വ്യാപനം നിയന്ത്രിക്കാനുളള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്.   

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പൂര്‍ണനായി സഹകരിക്കുമെന്ന നിലപാടാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ളത്. 

ലോക്ഡൗണിനോട് പ്രത്യക്ഷത്തില്‍ ആരും യോജിക്കുന്നില്ലെങ്കിലും നിവര്‍ത്തിയില്ലെങ്കില്‍ അതിനോടും എതിര്‍പ്പ് പ്രകടിപ്പിക്കില്ല. സമരങ്ങളില്‍ നിന്ന് യുഡിഎഫ് പിന്‍മാറിയിട്ടുണ്ട്. ബിജെപിക്കും സമരം തത്കാലം നിര്‍ത്താന്‍ വിരോധമില്ലെന്നാണ് സൂചനകള്‍. ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആശയ വിനിമയം നടത്തിയിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ നിലപാട് വരട്ടേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  

കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. ബിജെപിയും ഉചിതമായ നിലപാട് സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ലോക്ഡൗണ്‍ വന്നില്ലെങ്കില്‍ പോലും പരസ്പരം സമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com