മകന് കോവിഡ് എന്ന് വ്യാജപ്രചാരണം ; പരാതി നല്‍കാന്‍പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു ; യുവാവിനെതിരെ കേസ്

ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ അള്ളാപിച്ചയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് : വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയെന്നും കോവിഡ് ബാധയുണ്ടെന്നുമുള്ള പ്രചാരണത്തിനെതിരേ പരാതി നല്‍കാന്‍പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ അള്ളാപിച്ചയാണ് (55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളനിയിലെ തന്നെ അരുണ്‍രാജിനെതിരേ (23) കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

ചായക്കട നടത്തുന്നയാളാണ് മരിച്ച അള്ളാപിച്ച. അള്ളാപിച്ചയുടെ മകന്‍ മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്. കോവിഡ് ബാധിതനായി അനസ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിച്ചത്. ഇതോടെ പതിവായി ചായകുടിക്കാനെത്തിയിരുന്ന പലരും വരാതായി. 

കഴിഞ്ഞ ഒരാഴ്ചയിലധികമായി ചായക്കട അടക്കേണ്ട അവസ്ഥയിലായിരുന്നു ഇയാള്‍. വ്യാജ പ്രചാരണത്തില്‍ മനംനൊന്ത അള്ളാപിച്ച, ഭാര്യ സിറാജുന്നീസക്കൊപ്പം വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. ഓണ്‍ ലൈനിലൂടെ മാത്രമേ പരാതി സ്വീകരിക്കൂ എന്ന് സ്‌റ്റേഷനില്‍നിന്ന് പറഞ്ഞെന്നുപറഞ്ഞ് ഇദ്ദേഹം ബ്ലോക്ക് ഓഫീസ് റോഡിലെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലുമെത്തി. 

ഓഫീസ് സെക്രട്ടറി ആലത്തൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരെ ഫോണില്‍വിളിച്ച് ഓണ്‍ലൈനില്‍ പരാതിനല്‍കാന്‍ കഴിയാത്ത കാര്യം ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് എഴുതിയ പരാതി സ്‌റ്റേഷനില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനായുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ അള്ളാപിച്ച തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കി.

തുടര്‍ന്ന്, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു. അള്ളാപിച്ചയുടെ കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്ന് പറയുന്ന അരുണ്‍രാജിന്റെ ഫോണ്‍ പിടിച്ചെടുത്തതായും ഇയാള്‍ക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com