കാസർക്കോട് 13 ജീവനുകൾ നഷ്ടപ്പെട്ടതിന് ഉത്തരവാദികൾ ഇടതു സർക്കാർ; രൂക്ഷ വിമർശനവുമായി ചെന്നിത്തല

കാസർക്കോട് 13 ജീവനുകൾ നഷ്ടപ്പെട്ടതിന് ഉത്തരവാദികൾ ഇടതു സർക്കാർ; രൂക്ഷ വിമർശനവുമായി ചെന്നിത്തല
കാസർക്കോട് 13 ജീവനുകൾ നഷ്ടപ്പെട്ടതിന് ഉത്തരവാദികൾ ഇടതു സർക്കാർ; രൂക്ഷ വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: കാസർക്കോട് ചികിത്സ കിട്ടാതെ ഒരു രോ​ഗി കൂടി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ചെന്നിത്തലയുടെ പ്രതികരണം. 

കോവിഡ് മരണത്തെ രണ്ട് എന്ന അക്കത്തിൽ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ കാസർകോട് മാത്രം 13 പേരാണ് ഇതുവരെ വി​ദ​ഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും മരണക്കിടക്കയിലായ രോഗികള്‍ക്ക് അതിര്‍ത്തി തുറന്നു കൊടുക്കാത്ത കര്‍ണാടകയുടെ നിലപാട് അപലപനീവും മനുഷ്യത്വരഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ഈ മരണങ്ങള്‍ക്കു കണക്കു പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാസർക്കോട്ടെ ആരോഗ്യ മേഖലയുടെ വികസനം മുരടിപ്പിച്ചത് ഇടതു സര്‍ക്കാരാണെന്നും ചെന്നിത്തല കുറിപ്പിൽ ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കർണാടകം അതിർത്തിയടച്ചത് കാരണം കാസർഗോഡ് ചികിത്സ ലഭിക്കാതെ ഇന്ന് ഒരാള്‍ കൂടി മരിച്ച വാർത്ത ദുഃഖകരമാണ്. കോവിഡ് മരണത്തെ രണ്ട് എന്ന അക്കത്തിൽ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ കാസർഗോഡ് മാത്രം 13 പേരാണ് ഇതുവരെ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും മരണക്കിടക്കയിലായ രോഗികള്‍ക്ക് അതിര്‍ത്തി തുറന്നു കൊടുക്കാത്ത കര്‍ണാടകയുടെ നിലപാട് അപലപനീവും മനുഷ്യത്വരഹിതവുമാണ്. അതേസമയം ഈ മരണങ്ങള്‍ക്കു കണക്കു പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കാരണം കാസർഗോഡ് ആരോഗ്യമേഖലയുടെ വികസനം മുരടിപ്പിച്ചത് ഇടതു സര്‍ക്കാരാണ്.

ഞാന്‍ കെപിസിസി അധ്യക്ഷനായിരിക്കെ 2012ല്‍ കാസർഗോഡ് ആരോഗ്യ മേഖലയുടെ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് അറിയുകയും അതിനുള്ള പരിഹാരങ്ങള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കാസർഗോഡ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മാത്രമായി മുൻ ചീഫ്സെക്രട്ടറി പി.പ്രഭാകരൻ കമ്മീഷനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ചു. ഈ കമ്മീഷന്റെ ശുപാര്‍ശകള്‍ ഗൗരവമായെടുത്താണ് കാസർഗോഡ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. യുഎഡിഎഫ് ഭരണകാലത്തു തന്നെ ഈ മെഡിക്കല്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് ഏതാണ്ട് പണിപൂര്‍ത്തീകരിച്ചു. സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നെങ്കിലും ബാക്കി പണികള്‍ പൂര്‍ത്തീകരിക്കാനുള്ള ഭൂമിയും ഫണ്ടുമെല്ലാം റെഡിയായിരുന്നു. 2018ല്‍ പൂര്‍ണ സജ്ജമാക്കി പണി പൂര്‍ത്തായാക്കാൻ കഴിയുമായിരുന്ന ഈ മെഡിക്കല്‍ കോളേജ് ഇന്നും പണി പൂര്‍ത്തിയാകാതെ തുടരുന്നതിന് കാരണം ഇടതു സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ്. ഇപ്പോള്‍ കോവിഡ് എന്ന മഹാമാരി വന്നതോടെയാണ് കാസർഗോട്ടെ ആരോഗ്യ മേഖലയുടെ പരിതാപകരാവസ്ഥ വീണ്ടും സമൂഹ ശ്രദ്ധയില്‍ വന്നത്. മംഗലാപുരത്തേക്ക് ചികിത്സ തേടി പോകുന്നവര്‍ക്ക് ഈ മെഡിക്കല്‍ കോളെജ് വലിയൊരു ആശ്വാസമാകേണ്ടതായിരുന്നു. നഷ്ടപെട്ടത് 13 മനുഷ്യ ജീവനുകളാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com