കോഴിയിറച്ചി വില കുതിച്ചുയരുന്നു; 140 രൂപ വരെ വില, കച്ചവടം പൊടിപൊടിക്കുന്നു

ഈസ്റ്റര്‍ വിപണി മുന്നില്‍ കണ്ട് 125 മുതല്‍ 140 രൂപ വരെ വിലയ്ക്കാണ് ഒരു കിലോ കോഴിയിറച്ചി വിറ്റഴിക്കുന്നത്
കോഴിയിറച്ചി വില കുതിച്ചുയരുന്നു; 140 രൂപ വരെ വില, കച്ചവടം പൊടിപൊടിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഈസ്റ്റര്‍ വിപണി മുന്നില്‍ കണ്ട് 125 മുതല്‍ 140 രൂപ വരെ വിലയ്ക്കാണ് ഒരു കിലോ കോഴിയിറച്ചി വിറ്റഴിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്ന് കോഴിയെത്താത്തതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമായത്. പക്ഷിപ്പനിയെ തുടര്‍ന്ന് ഒരു മാസം മുന്‍പ് കോഴിയിറച്ചിയുടെ വില കിലോയ്ക്ക് നാല്‍പ്പതിലേക്ക് ചുരുങ്ങിയിരുന്നു. നൊയമ്പ് കാലവും ലോക്ക് ഡൗണും ഒന്നിച്ചതോടെ കഴിഞ്ഞ മാസം കോഴിയിറച്ചി വില്‍പ്പനയും കുറഞ്ഞതോടെ വ്യാപാരികള്‍ക്ക് ഇരട്ടിപ്രഹരമായി.

എന്നാല്‍ ഈസ്റ്റര്‍ വിപണി സജീവമായതോടെ കോഴിയിറച്ചിയുടെ വില വീണ്ടും മൂന്നക്കം കണ്ടു. 125 മുതല്‍ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ ഇന്നത്തെ വിപണിവില. ഈസ്റ്റര്‍ വിപണിമുന്നില്‍ കണ്ട് കച്ചവടക്കാര്‍ സ്ഥിരമായി കൂടുനിറയെ കോഴികളെ സംഭരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതിന് സാധിച്ചില്ല. വില കൂടിയെങ്കിലും ഈസ്റ്റര്‍ വിഭവങ്ങളൊരുക്കാന്‍ കോഴിയിറച്ചി തേടി മലയാളികള്‍ വിപണിയിലെത്തി. അതേസമയം കോഴിയിറച്ചിയുടെ വില കുതിച്ചപ്പോഴും താറാവിറച്ചിക്ക് കിലോയ്ക്ക് 250 രൂപ എന്ന നിലവാരത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധിപേരാണ് പോത്ത്, കോഴി തുടങ്ങിയ മാംസ്യ ഉത്പന്നങ്ങള്‍ക്കായി ഇന്ന് കടകളിലെത്തിയത്.  പല ഇടങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധനയും നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com