കാസര്‍കോടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; 26 പേര്‍ക്ക് കോവിഡ് ഭേദമായി, ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60

ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 105 പേരാണ്
കാസര്‍കോടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; 26 പേര്‍ക്ക് കോവിഡ് ഭേദമായി, ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60

കാസര്‍കോട്: കോവിഡ് ജാഗ്രതയില്‍ കഴിയുന്ന സംസ്ഥാനത്ത് നിന്നും വീണ്ടും ആശ്വാസ വാര്‍ത്ത. കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. 

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാര്‍ജ്ജ് ആകും. ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 105 പേരാണ്. രോഗബാധിതരുടെ എണ്ണവും കാസര്‍കോട് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍കോട് പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിള്‍ ആണ് ശേഖരിച്ചത്. വരും ദിവങ്ങളില്‍ ഇത് കാസര്‍കോട്ടേക്കും വ്യാപിപ്പിക്കും. കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.

അതിനിടെ, ഇടുക്കി ജില്ല കോവിഡ് ബാധയില്‍ നിന്ന് മുക്തമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്. വരുംദിവസങ്ങളിലും ഇപ്പോഴുള്ള  ജാഗ്രതയും നിയന്ത്രണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

കോവിഡ്  ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി. കോട്ടയമാണ് ആദ്യം രോഗമുക്തി നേടിയ ജില്ല. കോവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com