നിര്‍ണായക നേട്ടവുമായി വീണ്ടും കേരളം ; കോവിഡ് ബാധിതര്‍ക്ക് ഐസിയുവില്‍തന്നെ സ്‌കാനിങ് ; പോര്‍ട്ടബിള്‍ സ്‌കാനറുമായി പാലക്കാട് ഐഐടി, ഇന്ത്യയില്‍ ആദ്യം

രാജ്യത്ത് ആദ്യമായാണ് പോര്‍ട്ടബിള്‍ സ്‌കാനര്‍ നിര്‍മിക്കുന്നതെന്ന് ഐഐടി റിസര്‍ച്ച് ഡീന്‍ പ്രൊഫസര്‍ വിനോദ് പ്രസാദ് പറഞ്ഞു
നിര്‍ണായക നേട്ടവുമായി വീണ്ടും കേരളം ; കോവിഡ് ബാധിതര്‍ക്ക് ഐസിയുവില്‍തന്നെ സ്‌കാനിങ് ; പോര്‍ട്ടബിള്‍ സ്‌കാനറുമായി പാലക്കാട് ഐഐടി, ഇന്ത്യയില്‍ ആദ്യം

പാലക്കാട് : കോവിഡ് പരിശോധനാരംഗത്ത് വീണ്ടും നിര്‍ണായക നേട്ടവുമായി കേരളം. കോവിഡ് രോഗികളെ ഐസിയുവില്‍തന്നെ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ സ്‌കാനര്‍ വികസിപ്പിച്ചു. പാലക്കാട് ഐഐടിയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ആദ്യമായാണ് പോര്‍ട്ടബിള്‍ സ്‌കാനര്‍ നിര്‍മിക്കുന്നതെന്ന് ഐഐടി റിസര്‍ച്ച് ഡീന്‍ പ്രൊഫസര്‍ വിനോദ് പ്രസാദ് പറഞ്ഞു. സ്‌കാനര്‍ നിര്‍മാണത്തിന് ഇറ്റലിയുടെ സാങ്കേതിക സഹായവും ലഭിച്ചു. നേരത്തെ രോഗസംശയമുള്ളവരുടെ സ്രവസാമ്പിള്‍ വളരെ വേഗം എടുക്കാന്‍ കഴിയുന്ന വിസ്‌ക് സംവിധാനം കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ചിരുന്നു.

തിരുവനന്തപുരം  ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ റേഡിയോളജി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം പോര്‍ട്ടബിള്‍ സ്‌കാനറിന്റെ നിര്‍മാണവും പാലക്കാട് ഐഐടി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് രോഗികള്‍ക്ക് സ്‌കാനിങ്, എക്‌സറേ എന്നിവ എടുക്കാന്‍ കഴിയില്ല. രോഗിയെ പുറത്തുകൊണ്ടുപോകാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഐഐടിയുടെ സഹായം തേടിയത്.

ചികിത്സയ്ക്കായി പ്രോട്ടോടൈപ് വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വെന്റിലേറ്ററിന് പുറമെ സ്‌കാനറും ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ മൊബൈല്‍ട്രാക്കര്‍, രോഗനിര്‍ണയത്തിന് റാപിഡ് ടെസ്റ്റ് കിറ്റ് എന്നിവയും നിര്‍മിക്കാന്‍ തീരുമാനിച്ചത്. പ്രോട്ടോടൈപ്പ് വെന്റിലേറ്ററില്‍ ഒരേസമയം വ്യത്യസ്ത രോഗമുള്ള രണ്ടുപേരെ കിടത്താം.

രോഗികളുടെ നാഡിമിടിപ്പ്, ഹൃദയമിടിപ്പ്, ഓക്‌സിജന്‍ അളവ് എന്നിവ നിര്‍ണയിക്കാനും സാധിക്കും. എല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് നിര്‍ണയിക്കുക. ഇവയുടെ മാതൃക മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും. നിര്‍മിക്കുന്നവ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കൈമാറുക. കോവിഡ് രോഗത്തിനുശേഷവും പ്രോട്ടൊടൈപ്പ് വെന്റിലേറ്റര്‍ ശ്വാസകോശ സംബന്ധമായ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. പുതിയ ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഫെഡറല്‍ ബാങ്കില്‍നിന്ന് 35 ലക്ഷം രൂപയുടെ സഹായം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com