'കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും, ഉറുമ്പിന് ബിസ്‌ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കും അറിയാം'; മുഖ്യമന്ത്രിയോട് ബല്‍റാം

മുപ്പത് വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതുകൊണ്ട് മാത്രം നമ്പര്‍ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടണ്‍ പോസ്റ്റിനോടും പോയി തള്ളിയാല്‍ മതി
'കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും, ഉറുമ്പിന് ബിസ്‌ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കും അറിയാം'; മുഖ്യമന്ത്രിയോട് ബല്‍റാം

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം. ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്‌ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്‌റ്റേറ്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങള്‍ക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


ദാ... ഈ മറുപടിയിലുണ്ട് ഇദ്ദേഹത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സൂക്ഷ്മതയും കൃത്യതയുമൊക്കെ!

സംസ്ഥാന മുഖ്യമന്ത്രിയായ ഇദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഐടി വകുപ്പ്.

കഴിഞ്ഞ നാലഞ്ച് ദിവസമായി സംസ്ഥാന പ്രതിപക്ഷ നേതാവും മാധ്യമ പ്രവര്‍ത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകള്‍ ഗുരുതരമായ സംശയമുയര്‍ത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ട് ആ വകുപ്പിന്റെ ചുമതലക്കാരന് അതൊന്ന് കൃത്യതയോടെ പഠിക്കാനോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ കഴിയുന്നില്ല. അതോ മറുപടി പറയാന്‍ സൗകര്യമില്ല എന്ന ധാര്‍ഷ്ഠ്യമോ?

ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്‌ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്‌റ്റേറ്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങള്‍ക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ്.

മുപ്പത് വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതുകൊണ്ട് മാത്രം നമ്പര്‍ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടണ്‍ പോസ്റ്റിനോടും പോയി തള്ളിയാല്‍ മതി. മുപ്പതല്ല മുന്നൂറ് വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകള്‍ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com