പുറത്തിറങ്ങി കറങ്ങി നടന്നാല്‍ പൊലീസ് സ്‌നേഹപൂര്‍വം അരികിലേക്കു വിളിക്കും, വിഡിയോ കാണിച്ചു തരും; ഒടുവില്‍ പിഴയടച്ച് റസീറ്റ് വാങ്ങി മടങ്ങാം

പുറത്തിറങ്ങി കറങ്ങി നടന്നാല്‍ പൊലീസ് സ്‌നേഹപൂര്‍വം അരികിലേക്കു വിളിക്കും, വിഡിയോ കാണിച്ചു തരും; ഒടുവില്‍ പിഴയടച്ച് റസീറ്റ് വാങ്ങി മടങ്ങാം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ മലപ്പുറം പൊലീസ് ഇനി സ്‌നേഹപൂര്‍വ്വം അരികിലേക്ക് വിളിക്കും. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്‌ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോകും. കോവിഡ് 19 എന്ന ലോക ഭീഷണിയെന്താണെന്ന് വെളിവാക്കുന്ന വീഡിയോകള്‍ കാണിച്ചുകൊടുക്കും. വിഷയത്തിന്റെ ഗൗരവം പൂര്‍ണമായും മനസിലാക്കിക്കഴിയുമ്പോള്‍ പിഴയൊടുക്കി രസീതും കൈപ്പറ്റി വീട്ടിലേക്കു മടങ്ങാം.

ലോക് ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഇല്ലാതാക്കുന്നതിനായാണ് പൊലീസിന്റെ വ്യത്യസ്തമായ ഈ പദ്ധതി. മലപ്പുറം കുന്നുമ്മലില്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം സി.ഐ എ. പ്രേംജിത്, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്.

കോവിഡിനെ തുടര്‍ന്ന് നിരോധനാജ്ഞയും ലോക് ഡൗണും നിലവില്‍ വന്നിട്ടും മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കാര്യങ്ങള്‍ പറഞ്ഞു 'മനസ്സിലാക്കുകയാണ്' വീഡിയോ പ്രദര്‍ശനത്തിലൂടെ മലപ്പുറം പൊലീസ്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 61 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 74 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 52 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,456 ആയി. 1,936 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 618 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com