കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി ; ജാ​ഗ്രതാ നിർദേശം

വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിർദേശിക്കുന്നു
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി ; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം : വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽനിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി ഐസിഎംആർ പഠനത്തിൽ വ്യക്തമാക്കുന്നു.  

കേരളം, കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത്.2018-’19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽ നിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു. എന്നാൽ, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവായി.

ഹിമാചലിൽനിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയിൽനിന്നുള്ള ആറും തമിഴ്‌നാട്ടിൽനിന്നുള്ള ഒന്നും സാംപിളുകൾ പോസിറ്റീവായിരുന്നു. ആർ.ടി-പി സി ആർ (റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ-പോളിമെറെയ്സ് ചെയിൻ റിയാക്‌ഷൻ) പരിശോധനയിൽ വവ്വാലുകളിൽ നേരത്തേ നിപ വൈറസ് കണ്ടെത്തിയിരുന്നു.

വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിർദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ആന്റിബോഡി സർവേകൾ നടത്തണം. സാക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണമേർപ്പെടുത്തണം.  പശ്ചിമഘട്ട മേഖലകൾ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളിൽപ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാൽ കേരളം കൂടുതൽ ജാ​ഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com