നിശ്ശബ്ദമായി വൈറസ് സമൂഹത്തില്‍ പടരാം, രണ്ടാം വ്യാപനത്തെ കരുതിയിരിക്കണം; അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

രണ്ടാം വ്യാപനവും ചിലപ്പോള്‍ മൂന്നാം വ്യാപനവുമുണ്ടാകാമെന്നത് ഇത്തരം പകര്‍ച്ചവ്യാധികളുടെ സവിശേഷതയാണ്
നിശ്ശബ്ദമായി വൈറസ് സമൂഹത്തില്‍ പടരാം, രണ്ടാം വ്യാപനത്തെ കരുതിയിരിക്കണം; അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കേരളം ഏറെ മുന്നേറിയെങ്കിലും മഹാമാരിയുടെ രണ്ടാംഘട്ടത്തെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയിലും സിംഗപ്പൂരിലും ജപ്പാനിലും രോഗത്തിന്റെ രണ്ടാം വ്യാപനം കണ്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രോഗത്തിന്റെ രണ്ടാംഘട്ടത്തിനെതിരെ ( സെക്കന്‍ഡ് വേവ് ) അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.

രണ്ടാം വ്യാപനവും ചിലപ്പോള്‍ മൂന്നാം വ്യാപനവുമുണ്ടാകാമെന്നത് ഇത്തരം പകര്‍ച്ചവ്യാധികളുടെ സവിശേഷതയാണ്. നിശ്ശബ്ദമായി വൈറസ് സമൂഹത്തില്‍ പടരാം. സമൂഹത്തില്‍ വലിയൊരു ശതമാനമാളുകളും വൈറസിനെതിരേ പ്രതിരോധശേഷി നേടിയാല്‍ രോഗാണുവിനോടുള്ള വിധേയത്വം കുറയും. രോഗപ്പകര്‍ച്ചയുടെ കണ്ണി മുറിയും. കേരളസമൂഹം നിലവില്‍ അത്തരം പ്രതിരോധശേഷി നേടിയിട്ടില്ലെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു.

''വൈറസ് ലോകമാകെ വ്യാപിച്ചതാണ്. വിദേശത്തുനിന്ന് രോഗബാധിതര്‍ ഇനിയുമെത്താം. അയല്‍സംസ്ഥാനങ്ങളില്‍നിന്നും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗബാധിതരില്‍നിന്നും വൈറസ് വീണ്ടും വ്യാപിക്കാം.'' കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

പല പകര്‍ച്ചവ്യാധികളുടെയും കാര്യത്തില്‍ സമൂഹത്തില്‍ 50 ശതമാനത്തിലധികം ആളുകള്‍ പ്രതിരോധശേഷി നേടിയാല്‍ വൈറസ് വ്യാപനം നിലയ്ക്കാറുണ്ട്. എന്നാല്‍, കൊറോണയുടെ കാര്യത്തില്‍ സമൂഹത്തില്‍ പ്രതിരോധശേഷി ഇത്തരത്തില്‍ വികസിക്കുന്നില്ലേ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. ചൈനയിലെ വുഹാനിലെ അനുഭവമാണ് ഇത്തരമൊരു സംശയമുയര്‍ത്തുന്നത്.

രോഗം വന്നാലും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നതോ തീരെ ലക്ഷണമില്ലാത്തതോ ആയ ഒട്ടേറെയാളുകള്‍ എല്ലാ സമൂഹത്തിലുമുണ്ടാകും. രോഗിയായില്ലെങ്കിലും ഇവരില്‍നിന്നും വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചേരാം. അത്തരമാളുകളില്‍നിന്നും വൈറസ് ബാധയുണ്ടാകുന്നവര്‍ രോഗികളുമാകാം. വൈറസ്ബാധയുണ്ടായിട്ടും ലക്ഷണങ്ങള്‍ പ്രകടമാവാത്തവര്‍ നമ്മുടെ സമൂഹത്തിലുമുണ്ടാകാം എന്ന അനുമാനത്തില്‍ത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്.

സാമൂഹിക അകലം പാലിക്കുക, സോപ്പിട്ട് കൈകഴുകുക, സാനിറ്റൈസര്‍കൊണ്ട് ശുചിയാക്കുക എന്നീ ശീലങ്ങള്‍ തുടരേണ്ടതുണ്ട്. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ഒന്നരമീറ്റര്‍ അകലം പാലിക്കുക. ഒപ്പം പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മുഖാവരണം ധരിക്കുന്ന ശീലം പിന്തുടരുകയും വേണം. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. അതിസൂക്ഷ്മതയോടെ നിരീക്ഷണം തുടരണമെന്നതും പൊതുസമൂഹം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നതും പ്രധാനമാണ്. ഡോ. അഷീല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com