കണ്ണൂരില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ക്കും കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കോവിഡ്; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കണ്ണൂരില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ക്കും കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കോവിഡ്; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഒരു കുടുംബത്തിലെ പത്തുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 81 വയസുകാരനും, 11,13 വയസ് പ്രായമായ കുട്ടികളുമുണ്ട്. ഇന്ന് ഈ വീട്ടിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഷാര്‍ജിയില്‍ നിന്നെത്തിയ പതിനൊന്ന് വയസുകാരനില്‍ നിന്നാണ് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധ പടര്‍ന്നത്. ഇന്ന് കണ്ണൂരില്‍ സ്ഥിരീകരിച്ച നാലുകേസുകളില്‍ മൂന്നെണ്ണവും ചെറുവാഞ്ചേരി മേഖലയിലാണ്. മൂന്ന് പേരും വിദേശത്തുനിന്നെത്തിയവരാണ്.

കണ്ണൂരില്‍ കോവിഡ് കൂടുതലുള്ളത് തലശ്ശേരി താലുക്കിലാണ്. കതിരൂര്‍, പാട്യം, കൂത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്ത് എന്നിവയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കടകമ്പോളങ്ങളും മറ്റും പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ വര്‍ധനവില്‍ ആശങ്കവേണ്ടെന്നും വൈറസ് ബാധിതര്‍ വിദേശത്തുനിന്നെത്തിയവരാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കോഴിക്കോട് ജില്ലയിലെ എച്ചേരിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ കുടുംബത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരനും മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍  നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.

ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ ഒമ്പത് പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ രണ്ട് പേര്‍ ചികിത്സയിലുണ്ട്..

ജില്ലയില്‍ 1298 പേര്‍ കൂടി ഇന്ന് വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 9864 ആയി.  12875 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു്. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com