സമൂഹ അടുക്കളയില്‍ നിന്ന് അരി കടത്തി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോര്‍പ്പറേഷന്റെ സമൂഹ അടുക്കളയിലേക്ക് സംഭാവനയായി കിട്ടിയ നാല് ചാക്ക് അരി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു
സമൂഹ അടുക്കളയില്‍ നിന്ന് അരി കടത്തി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


കൊല്ലം : കോര്‍പ്പറേഷന്റെ സമൂഹ അടുക്കളയിലേക്ക് സംഭാവനയായി കിട്ടിയ നാല് ചാക്ക് അരി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷന്‍ കാവനാട് സോണിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശക്തികുളങ്ങര കര ദേവസ്വം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ അടുക്കളയില്‍നിന്ന് പൊതിച്ചോറ് നല്‍കുന്നതിനായി തേവള്ളി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ സംഭാവന കിട്ടിയ നാല് ചാക്ക് അരിയാണ് പ്രസന്നന്‍ സ്വന്തം കാറില്‍ കടത്തി കാവനാട്ടെ കടയില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. അരി വില്‍ക്കാന്‍ ശ്രമിച്ചത് ശ്രദ്ധിച്ചയാള്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയും കൗണ്‍സിലര്‍ മേയറെ വിവരം അറിയിക്കുകയും ചെയ്തു. അന്വേഷണത്തില്‍ തിരിമറി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍, കമ്യൂണിറ്റി കിച്ചനില്‍ കടല കുറവായതിനാല്‍ രണ്ട് ചാക്ക് അരി കൊടുത്ത് കടല വാങ്ങുകയായിരുന്നെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വിശദീകരണം. കടത്തിക്കൊണ്ടുപോയ അരി അധികൃതരെത്തി സമൂഹ അടുക്കളയില്‍ തിരിച്ചെത്തിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വന്തം നിലയിലാണ് സാധനം കൊണ്ടുപോയതെന്നും സമൂഹ അടുക്കളയിലേക്ക് സാധനങ്ങള്‍ കുറവുണ്ടായാല്‍ കോര്‍പ്പറേഷന്‍ തന്നെ അവ എത്തിക്കുമെന്നും മേയര്‍ ഹണി ബെഞ്ചമിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com