പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് കൈകാണിച്ച് നിർത്തി, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ലളിതമ്മ; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ലളിതമ്മയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു
പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് കൈകാണിച്ച് നിർത്തി, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ലളിതമ്മ; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കൊറോണയുടെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ് ലോകം. ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം നിശ്ചലമായതോടെ സർക്കാരിന് തങ്ങളാലാവുന്നതുപോലെ സഹായവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇല്ലായ്മകൾക്കിടയിലും തങ്ങൾക്ക് സാധിക്കുന്ന സഹായം സർക്കാരിന് നൽകാൻ ശ്രമിക്കുന്നവരുമുണ്ട്. തുച്ഛമായ വരുമാനത്തിൽ നിന്ന് നീക്കി വെച്ച തുക കൈമാറി മാതൃകയായവർ നിരവധിയാണ്. ആ കൂട്ടത്തിലേക്ക് ഇതാ ഒരാൾ കൂടി.  കൊല്ലം ജില്ലയിലെ തേവലക്കര അരിനല്ലൂർ സ്വദേശിയായ ലളിതമ്മയാണ് നന്മയുടെ പ്രതീകമായത്. പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് കൈകാണിച്ച് നിർത്തിച്ചാണ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയത്. ലളിതമ്മയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. അവർ ചെയ്തത് മഹത്തായ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 

മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

എത്രയൊക്കെ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വന്നാലും മനുഷ്യരിൽ അലിഞ്ഞു ചേർന്ന നന്മയാണ് അവയൊക്കെ മറികടന്നു മുൻപോട്ട് പോകാൻ വേണ്ട പ്രചോദനം നമുക്ക് നൽകുന്നത്. സ്വന്തം കാര്യങ്ങൾക്കുമപ്പുറത്ത് സഹജീവികളുടെ സൗഖ്യം പരിഗണനയായി മാറുന്ന അവരുടെ കരുതലാണ് നമ്മുടെ കരുത്ത്. അത്തരത്തിലൊരാളാണ് കൊല്ലം ജില്ലയിലെ തേവലക്കര അരിനല്ലൂർ സ്വദേശിയായ ലളിതമ്മ. പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് കൈകാണിച്ച് നിർത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തൻ്റെ കയ്യിലുള്ള പണം നൽകുകയായിരുന്നു ലളിതമ്മ. അവർ ചെയ്തത് മഹത്തായ കാര്യമാണ്. ലളിതമ്മയോട് നന്ദി പറയുന്നു.

ഇതുപോലെ അനേകമാളുകൾ കാണിക്കുന്ന ത്യാഗസന്നദ്ധതയും, സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസവും ആണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊർജ്ജം പകരുന്നത്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളി സർക്കാരും ജനങ്ങളും തോളോട് തോൾ ചേർന്ന് സുനിശ്ചിതമായും മറികടക്കും. ഒരു പുതിയ കേരളം വാർത്തെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com