മഴുകൊണ്ട് കഴുത്തിൽ വെട്ടിയത് ശരീരം പെട്ടെന്ന് അഴുകാൻ, സിനിമാക്കഥ വിശ്വസിച്ചു; അഖിലിനെ കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിങ്ങോടെ

കൊലപാതകത്തിനു പിന്നിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു
മഴുകൊണ്ട് കഴുത്തിൽ വെട്ടിയത് ശരീരം പെട്ടെന്ന് അഴുകാൻ, സിനിമാക്കഥ വിശ്വസിച്ചു; അഖിലിനെ കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിങ്ങോടെ

പത്തനംതിട്ട; പത്താംക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തിയത് മുൻവൈരാ​ഗ്യത്തിന്റെ പേരിലെന്ന് പൊലീസ്. കൊലപാതകം നടത്താൻ ഇവർ മുൻകൂട്ടി തയാറെടുപ്പുകൾ നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് കൊടുമണിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഖിലിനെ സമപ്രായക്കാരായ വിദ്യാർത്ഥികൾ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കുഴിച്ചിടാനും ഇവർ ശ്രമിച്ചിരുന്നു. 

കൊലപാതകം പുറത്തുവരാതിരിക്കാനുള്ള മാർ​ഗവും ഇവർ അന്വേഷിച്ചിരുന്നു. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖിൽ ബോധമറ്റ് വീണു. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തിൽ വെട്ടി.  മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ  വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞതായി പൊലിസ് പറഞ്ഞു. 

സുഹൃത്തുക്കളായ മൂവരും ചേർന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാർഥികളിൽ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി... എന്നിങ്ങനെയൊക്കെ കുട്ടികൾ പറഞ്ഞെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത്. 

അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് - മിനി ദമ്പതികളുടെ മകനാണ് എസ്.അഖിൽ. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൈപ്പട്ടൂർ സെന്റ ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഖിൽ. അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേർന്ന റബർ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com