യൂത്ത് കോൺ​ഗ്രസ് നേതാവിനെ വധിക്കാൻ ശ്രമം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോവിഡ് ദുരിതബാധിതർക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ.-യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫെയ്‌സ് ബുക്കിലെ പോർവിളിയാണ് വധശ്രമത്തിൽ കലാശിച്ചത്
യൂത്ത് കോൺ​ഗ്രസ് നേതാവിനെ വധിക്കാൻ ശ്രമം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ; യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കറ്റാനം കുഴിക്കാല തറയിൽ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം (44) എന്നിവരാണ് വള്ളികുന്നം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈലിനെ ബൈക്കിൽ എത്തിയ രണ്ടുപേർ വെട്ടിയത്. 

സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റിയംഗവും ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന എ.എം.ഹാഷിറിന്റെ സഹോദരനുമാണ് അറസ്റ്റിലായ ഹാഷിം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലെ ജോലിക്കാരനാണ് സതീഷ്. അടൂർ പന്നിവിഴയിലെ ബന്ധുവീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.

വെട്ടിയത് താനാണെന്ന് സതീഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വെട്ടാനുപയോഗിച്ച ആയുധവും സംഭവസ്ഥലത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പും നടത്തി. ഹാഷിമിന്റെ പേരിൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.  കേസിൽ ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയാണ് ഇയാൾ. ഫോൺ രേഖകൾ ഉൾപ്പെടെ ശാസ്ത്രീയമായി തെളിവുകളെല്ലാ ശേഖരിച്ചു കഴിഞ്ഞു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കെടുത്ത മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം ഉടൻ അറസ്റ്റുചെയ്യുമെന്ന്‌ സി.ഐ. പറഞ്ഞു.

കോവിഡ് ദുരിതബാധിതർക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ.-യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫെയ്‌സ് ബുക്കിലെ പോർവിളിയാണ് വധശ്രമത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് ഇക്ബാലിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സുഹൈലിന് വെട്ടേറ്റത്. എതിരേ സ്‌കൂട്ടറിൽ വന്ന സംഘം ഇക്ബാലിനെയാണ് വെട്ടിയത്. ഇയാൾ ഒഴിഞ്ഞുമാറിയപ്പോൾ സുഹൈലിന് വെട്ടേല്ക്കുകയായിരുന്നുവെന്ന് പറയുന്നു. കഴുത്തിന് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com