'ആ കുരുന്നുകളുടെ മനസിന്റെ വലുപ്പം ഓര്‍മ്മ വരുന്നു, സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ സമൂഹത്തിന് മുന്‍പില്‍ പരിഹാസ്യരായി'; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഉത്തരവ് കത്തിച്ചതിലൂടെ മോശം പ്രകടനമാണ് അവര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ആ കുരുന്നുകളുടെ മനസിന്റെ വലുപ്പം ഓര്‍മ്മ വരുന്നു, സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ സമൂഹത്തിന് മുന്‍പില്‍ പരിഹാസ്യരായി'; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:  കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ അഞ്ചുദിവസത്തെ ശമ്പളം ആറുമാസം വരെ മാറ്റിവെയ്ക്കാനുളള ഉത്തരവ് ഒരു വിഭാഗം അധ്യാപകര്‍ കത്തിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് കത്തിച്ചതിലൂടെ മോശം പ്രകടനമാണ് അവര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനം കാരണം സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനം മാത്രമല്ല രാജ്യവും ലോകവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ശമ്പളം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഉത്തരവും പുറത്തിറങ്ങി. പ്രളയ കാലത്ത് സ്വീകരിച്ച നിലപാട് പോലെ ഇതും സമ്മതിക്കില്ല എന്ന കാഴ്ചപ്പാടാണ് ഒരു ന്യൂനപക്ഷം സ്വീകരിച്ചത്. ഇവര്‍ സമൂഹത്തിന് മുന്‍പില്‍ പരിഹാസ്യരാകുകയാണ്. നിലവില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്‍പതാം ക്ലാസുകാരനായ ആദര്‍ശ് ഉള്‍പ്പെടെയുളള കുരുന്നുകളുടെ മനസ്സിന്റെ വലിപ്പമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. അഞ്ചാം ക്ലാസ് മുതല്‍ മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദര്‍ശ് സംഭാവന നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി കുട്ടികളാണ് സഹജീവി സ്്‌നേഹം പ്രകടിപ്പിച്ച് രംഗത്തുവരുന്നത്. വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, പണം നല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത് കുട്ടികളാണ്. ഇവരുടെ മനസിന്റെ വലിപ്പം എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം ചെയ്യുന്നുണ്ട്. സഹജീവികളോട് കാരുണ്യം കാണിക്കാന്‍ ഒരേ മനസ്സോടെ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഉത്തരവ് കത്തിച്ചതിലൂടെ ഒരു ചെറിയ ന്യൂനപക്ഷം മോശം പ്രകടനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com