കോവിഡിനിടെ ‘ന്യൂനമർദം’ വരുന്നു ; ഓഷൻ ഡൈപ്പോൾ, ലാ നിന ഘടകങ്ങൾ അനുകൂലം, കേരളത്തിൽ പതിവിലും അധികം കാലവർഷത്തിന് സാധ്യത ; മുന്നറിയിപ്പ്

മൺസൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യൻ ഓഷൻ ഡൈപ്പോൾ, ലാ നിന എന്നീ ഘടകങ്ങൾ ഇക്കുറി അനുകൂലമാണെന്നും സാസ്കോഫ് വിലയിരുത്തുന്നു
പിടിഐ
പിടിഐ

തിരുവനന്തപുരം:  കോവിഡ് പ്രതിസന്ധിക്കിടെ ന്യൂനർദവും അതുവഴി സംസ്ഥാനത്തേക്ക് കനത്ത മഴയുമെത്തുന്നു. വേനൽമഴ തുടരുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

ഇത്തവണയും ശക്തമായ കാലവർഷം ഉണ്ടാകുമെന്നാണ് പ്രവചനം. തമിഴ്നാട് റെയിൻമാനും സമാന പ്രവചനമാണ് നടത്തിയിട്ടുള്ളത്. ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ വർഷം പതിവിലും കൂടുതൽ കാലവർഷം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്കോഫ്) പഠനം സൂചിപ്പിക്കുന്നത്.

മൺസൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യൻ ഓഷൻ ഡൈപ്പോൾ, ലാ നിന എന്നീ ഘടകങ്ങൾ ഇക്കുറി അനുകൂലമാണെന്നും സാസ്കോഫ് വിലയിരുത്തുന്നു. പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയിൽ മഴ വർധിപ്പിക്കും. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യൻ ഓഷൻ ഡൈപോൾ) ഇത്തവണ അത്ര പ്രകടമല്ല. ആഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലെ മഴ കുറച്ചേക്കും.

പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോൾ തന്നെ 45–56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി–ആനത്തോട് ഡാമിൽ 38 ശതമാനവും ഇടുക്കിയിൽ ശേഷിയുടെ 62 ശതമാനവും വെള്ളം ഉണ്ട്. പ്രവചനങ്ങൾ വ്യക്തമാക്കുന്നത് പ്രളയത്തിനെതിരെ കേരളം ഈ വർഷവും ജാഗ്രത പുലർത്തണമെന്നാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com