കോവിഡ് പ്രതിരോധ ചുമതല ഇന്ന് മുതല്‍ പൊലീസിന്; വന്‍ ദൗത്യം, ലക്ഷ്യം ഒരാഴ്ചക്കുള്ളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കുക

സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും വ്യാപനം തടയാനുമായി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിച്ചുള്ളത്
കോവിഡ് പ്രതിരോധ ചുമതല ഇന്ന് മുതല്‍ പൊലീസിന്; വന്‍ ദൗത്യം, ലക്ഷ്യം ഒരാഴ്ചക്കുള്ളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഇന്ന് മുതല്‍ പൊലീസിന്. ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം കുറച്ച് തുടങ്ങുകയാണ് ആദ്യ ലക്ഷ്യമെന്ന് ഡിജിപി പറഞ്ഞു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും വ്യാപനം തടയാനുമായി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിച്ചുള്ളത്. 

ഒരു പ്രദേശത്ത് ഒരാള്‍ രോഗബാധിതനാവുന്ന സമയം മുതല്‍ പൊലീസ് ഇടപെടല്‍ തുടങ്ങും. ഇവിടെ കോവിഡ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആദ്യ ദൗത്യം. ഇതിന് വേണ്ടി ഓരോ സ്‌റ്റേഷനിലും എസ്‌ഐയുടെ നേതൃത്വത്തില്‍ 4 അംഗ സംഘമുണ്ടാവും. 

കോവിഡ് ബാധിതനെ ഫോണില്‍ വിളിച്ച് 10 ദിവസത്തെ വിവരങ്ങള്‍ ശേഖരിക്കും. രോഗിയുടെ ഫോണ്‍ വിളികളും ടവര്‍ സിഗ്നലും പരിശോധിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തും. 24 മണിക്കൂറിനുള്ളില്‍ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കണം. 

ഇതിന് ശേഷം കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കലും പരിപാലനവുമാണ് അടുത്ത ദൗത്യം. കോവിഡ് ബാധിതനുമായി സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സ്ഥലം ചെറിയ മേഖലയായി തിരിച്ച് പൂര്‍ണമായും അടക്കും. ഇവിടെ ആരും പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പാക്കാന്‍ ബൈക്ക് പെട്രോളിങ്ങും, പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ സിഗ്നല്‍ നീരീക്ഷണവും നടത്തും. 

ചന്തകള്‍, ബസ് സ്റ്റാന്റ്, വിവാഹ, മരണ വീടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും ഓരോ ജില്ലക്കായി നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം രോഗികളുടെയെണ്ണം കുറഞ്ഞോയെന്ന് നോക്കി പദ്ധതി വിലയിരുത്താനാണ് ഡിജിപിയുടെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com