പൊതി തട്ടിപ്പറിച്ച് അമ്മ ഓടി, തളര്‍ന്നു വീണ് യുവാവ്, അഭിനയത്തില്‍ വീഴാതെ പൊലീസ് ; ഏഴുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വലിയ ടൂറിസ്റ്റ് ബാഗിനുളളില്‍ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : കാറില്‍ ഏഴു കിലോ കഞ്ചാവ് കടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാണ്മ രാജമംഗലം എസ് സോനു (25), ലക്ഷ്മി നിവാസില്‍ എസ്‌സിജിന്‍ (23) എന്നിവരാണ് പിടിയിലായത്. ഒരാള്‍ എന്‍ജിനീയറിങ് ബിരുദധാരിയും മറ്റൊരാള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമാണ്. 

കഴിഞ്ഞദിവസം രാത്രി കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ പനച്ചമൂട് ജംക്ഷനു സമീപം പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം കൊയ്പ്പള്ളി കാരാണ്മയിലെ വീട്ടുമുറ്റത്ത് കാര്‍ കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 

പിടിയിലായ സോനു ഡിവൈഎഫ്‌ഐ കൊയ്പള്ളി കാരാണ്മ യൂണിറ്റ് ഭാരവാഹിയും സിപിഎം കൊയ്പ്പള്ളി കാരാണ്മ എ ബ്രാഞ്ച് അംഗവുമാണ്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ സോനു തളര്‍ന്നു വീണെങ്കിലും പ്രതിയുടെ അഭിനയത്തില്‍ പൊലീസ് വീണില്ല. സിജിന്റെ അമ്മയുടെ പേരിലുള്ള  കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്ത പൊതികള്‍ അഴിച്ചു പരിശോധിക്കുന്നതിനിടെ സോനുവിന്റെ അമ്മ പൊതി തട്ടിപ്പറിച്ചു വീടിനുള്ളിലേക്കു പോയി അകത്തുവച്ചു പരിശോധിക്കാന്‍ പൊലീസിനോടു ആവശ്യപ്പെട്ടു. 

ഇതിനിടെ തളര്‍ന്നു വീണ സോനുവിനെ എഴുന്നേല്‍പ്പിച്ച പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അച്ഛന്‍ തടഞ്ഞു. അച്ഛനെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണ് സോനുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പാക്കിയത്. ആദ്യമായാണ് കഞ്ചാവ് കടത്തിയതെന്നും അബദ്ധം സംഭവിച്ചതാണെന്നും അറസ്റ്റിലായ സോനുവും സിജിനും പൊലീസിനു മൊഴി നല്‍കി.

എന്നാല്‍ പ്രതികളുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കഞ്ചാവ് ആദ്യമായി കടത്തുന്നവര്‍ 7 കിലോ ഒരുമിച്ചു കൊണ്ടുവരില്ലെന്നും അറസ്റ്റിലായവര്‍ കാരിയേഴ്‌സ് ആണെങ്കില്‍ കഞ്ചാവ് മാഫിയ ഇത്രയധികം കഞ്ചാവ് ആദ്യഘട്ടത്തില്‍ നല്‍കുകയില്ലെന്നും സിഐ വിനോദ്കുമാര്‍ പറഞ്ഞു. വലിയ ടൂറിസ്റ്റ് ബാഗിനുളളില്‍ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്. സാധനം ലഭിച്ചപ്പോള്‍ കഞ്ചാവ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു  പൊട്ടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com