സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കള്‍ മാത്രം ; ബാങ്കുകളിലും സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം പാടില്ലെന്ന് ഡിജിപി ; നിയന്ത്രണം കടുപ്പിക്കുന്നു

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്
ഫയൽ ചിത്രം
ഫയൽ ചിത്രം


തിരുവനന്തപുരം : സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ആസ്ഥാനത്തെ പ്രത്യേകസംഘം ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. 

എഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കുലറിലൂടെ ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്. മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. കോവിഡ് പ്രതിരോധത്തിനുള്ള ഒന്നാമത്തെ മാര്‍ഗമായി കണക്കിലെടുത്ത് കൈകാര്യം ചെയ്യണം.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കളേ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റെങ്കില്‍ പന്ത്രണ്ട് ഉപഭോക്താക്കളെ അനുവദിക്കാം. വളരെ കുറച്ച് ജീവനക്കാരെ മാത്രമേ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലിക്ക് നിയോഗിക്കാവൂ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട പ്രദേശത്തെ എസ്‌ഐമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com