ആസൂത്രിതമോ ​ആ അപകടം ? ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സത്യം തേടി സിബിഐ ; ഇന്ന് നിര്‍ണായക പരിശോധന 

അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് സിബിഐ സംഘം പരിശോധന നടത്തുക
balabhaskar
balabhaskar

തിരുവനന്തപുരം :  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന് നടക്കും. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്ന സ്ഥലത്തെത്തി അന്വേഷണസംഘം തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് സിബിഐ സംഘം പരിശോധന നടത്തുക.

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്കറിന്റെ കാറാണെന്നും ബാലഭാസ്കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബി പറയുന്നത്. 

ഇതുകൂടാതെ അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും മൊഴിയുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ പരിശോധന. മൊഴി സത്യമാണോയെന്ന് വിലയിരുത്താനാണിത്. സോബിയോട് സ്ഥലത്തെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്കറും മകളും മരിച്ചത്. ഭാര്യ ലക്ഷമിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com