ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പെൻഷൻ വിതരണം ഇന്നു മുതൽ; ബാങ്കിലും ട്രഷറിയിലും എത്തേണ്ടത് നമ്പർ അടിസ്ഥാനത്തിൽ; ക്രമീകരണങ്ങൾ ഇങ്ങനെ

അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളിൽ പ്രവേശിപ്പിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവീസ് പെൻഷനും ഇന്നു മുതൽ വിതരണം ചെയ്യും. ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനായ 2600 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും വീടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നത്. കൂടാതെ ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ പെൻഷനും വിതരണം ചെയ്യും. 

ഭൂരിഭാ​ഗം പേർക്കും ബാങ്കുകളിലൂടെ പണം വിതരണം ചെയ്യുന്നതിനാൽ ഇന്നു മുതൽ കാര്യമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതു കണക്കിലെടുത്ത് അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളിൽ പ്രവേശിപ്പിക്കുക. 0,1,2,3 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 വരെ ബാങ്കിൽ പ്രവേശിക്കാം. 4,5,6,7 നമ്പറുകാർ ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും 8,9 നമ്പറുകാർ ഉച്ചയ്ക്കു 2.30 മുതൽ വൈകിട്ട് 4 വരെയും ബാങ്കിൽ എത്തണം. 

ട്രഷറികളിലൂടെ പെൻഷൻ കൈപറ്റുന്നവർക്കും നിയന്ത്രണങ്ങളുണ്ട്. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെൻഷൻ കൈപ്പറ്റാൻ ട്രഷറികളിലെത്തണം. നിശ്ചിത ദിവസങ്ങളിൽ പെൻഷൻ കൈപ്പറ്റാൻ കഴിയാത്തവർക്ക് തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ട്രഷറികളിൽ എത്താം.

ട്രഷറി വഴിയുള്ള പെൻഷൻ വിതരണം ക്രമീകരണം ഇങ്ങനെ

ആഗസ്റ്റ് 20ന് രാവിലെ 10 മുതൽ ഒന്നുവരെ ട്രഷറി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്ക്. ഉച്ചക്ക് രണ്ടു മുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്ക്.

21 ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർക്ക്.

24ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്നവർക്ക്.

25ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്നവർക്ക്.

26ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒൻപതിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും.

നേരിട്ടെത്താൻ കഴിയാത്ത പെൻഷൻകാർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകും. പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com