തീപിടിത്തം : അന്വേഷണ സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ ; അട്ടിമറി സാധ്യതയും അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്‍

ചീഫ് സെക്രട്ടറി നിയോഗിച്ച ഉന്നതതല സംഘവും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുന്നുണ്ട്
തീപിടിത്തം : അന്വേഷണ സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ ; അട്ടിമറി സാധ്യതയും അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്‍

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ അന്വേഷണസംഘങ്ങള്‍ പരിശോധന നടത്തുന്നു. സ്‌പെഷല്‍ സെല്‍ എസ്.പി അജിത്തിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുന്നത്. ഫോറന്‍സിക് സംഘവും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. 

ഇതോടൊപ്പം ചീഫ് സെക്രട്ടറി നിയോഗിച്ച ഉന്നതതല സംഘവും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുന്നുണ്ട്. ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെയാണ് ചീഫ് സെക്രട്ടറി അന്വേഷണത്തിനായി നിയോഗിച്ചത്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും സംഘം പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

ഇന്നലെ രാത്രി തന്നെ അന്വേഷണത്തിനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സംഘം ഇന്നലെ തന്നെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സെക്രട്ടേറിയറ്റിലെ തീപിടിത്തം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാകും തീപിടിത്തം മന്ത്രിസഭയില്‍ ചര്‍ച്ചയ്‌ക്കെത്തുക. 

സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്. സ്വര്‍ണക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ബിജെപിയും ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com