നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമില്ല; ഹാള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍

നീറ്റ് പരീക്ഷയുടെ അഡ്മിഷന്‍ കാര്‍ഡുകള്‍  വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം 
നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമില്ല; ഹാള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍


ന്യൂഡല്‍ഹി:  നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവക്കാത്തതെന്ന് മന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷയുടെ അഡ്മിഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. പരീക്ഷ നീളുന്നതില്‍ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാര്‍ഡ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത 80 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

'വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാര്‍ഥികള്‍ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്' മന്ത്രി പറഞ്ഞു.

ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ഥികളില്‍ 7.25 ലക്ഷം വിദ്യാര്‍ഥികളും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക. ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ 16 വരേയും നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നുമാണ് നടക്കുന്നത്. ജെഇഇ മെയിന് 660 പരീക്ഷ കേന്ദ്രങ്ങളും നീറ്റിന് 3843 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. നേരത്തെ അത് 570 ഉം 2546 ഉം ആയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com