സ്വകാര്യബസ് കണ്ടക്ടര്‍ക്ക് കോവിഡ്; 14 ദിവസത്തെ യാത്രക്കാര്‍ ക്വാറന്റൈനില്‍ തുടരണം; ആശങ്കയോടെ വയനാട്

ഒരു ദിവസം ശരാശരി ഇരുനൂറോളം യാത്രക്കാര്‍ യാത്രചെയ്തതായാണ് നിഗമനം
സ്വകാര്യബസ് കണ്ടക്ടര്‍ക്ക് കോവിഡ്; 14 ദിവസത്തെ യാത്രക്കാര്‍ ക്വാറന്റൈനില്‍ തുടരണം; ആശങ്കയോടെ വയനാട്

കല്‍പ്പറ്റ:  വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. കല്‍പ്പറ്റ-പനമരം–- മാനന്തവാടി  റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്കാണ് കോവിഡ് പോസറ്റീവായത്. 

പനി ലക്ഷണത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഞായറാഴ്ച കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് വൈകീട്ടോടെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ   ഉടമയുടെ  രണ്ട് ബസുകളാണ് ഈ റൂട്ടിലുള്ളത്. ഹെല്‍ത്ത് വിഭാഗത്തിന്റെ നിര്‍ദ്ദേശാനുസരണം രണ്ട് ബസ്സുകളിലെ  മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചതായി ബസ് ഉടമ അറിയിച്ചു.   കോവിഡ് കാലമായതിനാല്‍ കണ്ടക്ടര്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ബസ്സില്‍ ഒരു ദിവസം ശരാശരി ഇരുനൂറോളം യാത്രക്കാര്‍ യാത്രചെയ്തതായാണ് നിഗമനം. രണ്ടായിരത്തിലധികം പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ടാവും. കണ്ടക്ടറുമായി ഇടപെട്ട ജീവനക്കാരുള്‍പ്പടെയുള്ള മറ്റുള്ളവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.  കഴിഞ്ഞ 14 ദിവസം ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍  രേണുക അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com