ചെരുപ്പില്ല, കൈലി മാത്രം വേഷം; പതിനേഴുകാരനെ കാണാതായിട്ട് 10 ദിവസം, ദുരൂഹത

പത്തനാംപുരത്ത് പതിനേഴുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് പൊലീസ്
ചെരുപ്പില്ല, കൈലി മാത്രം വേഷം; പതിനേഴുകാരനെ കാണാതായിട്ട് 10 ദിവസം, ദുരൂഹത

കൊല്ലം: പത്തനാംപുരത്ത് പതിനേഴുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് പൊലീസ്. പത്തു ദിവസം മുന്‍പാണ് ആണ്‍കുട്ടിയെ കാണാതായത്. 

പത്തനാംപുരം കടശേരിയില്‍ കാണാതായ 17കാരന് വേണ്ടിയുളള തെരച്ചിലാണ് ഊര്‍ജ്ജിതമായി തുടരുന്നത്. ചെരുപ്പിടാതെ, കൈലി മുണ്ട് മാത്രമായിരുന്നു കാണാതാകുന്നതിന് മുന്‍പ്  17 കാരന്റെ വേഷം. അതിനാല്‍ അധിക ദൂരം ആണ്‍കുട്ടി പോയിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണ്. വനമേഖലയിലെ പരിശോധന പൂര്‍ത്തിയാക്കിയതോടെ വീടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചു തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും പൊലീസ് പറയുന്നു. ശാസ്ത്രീയ പരിശോധനയോടൊപ്പം പ്രദേശവാസികളെയും ബന്ധുക്കളെയും കൂടുതല്‍ ചോദ്യം ചെയ്‌തേക്കും.

മാതാപിതാക്കളുടെയും പ്രദേശവാസികളുടെയും മൊഴിയനുസരിച്ചാണ് ഇതു വരെ അന്വേഷണം നടത്തിയത്. 10 ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും ലഭിക്കാതായതോടെ പൊലീസിലെ വിദഗ്ധ സംഘങ്ങളുടെ ഉപദേശത്തോടെയാകും ഇനിയുള്ള നീക്കങ്ങളെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പ്രത്യേക കേസായി ഇതു പരിഗണിക്കുമെന്നു റൂറല്‍ എസ്പി ഹരിശങ്കറും പറഞ്ഞു.

മൊബൈല്‍ ഗെയിമിനോടു താല്‍പര്യമുള്ള പതിനേഴുകാരന്‍, റേഞ്ച് നോക്കി വീട്ടില്‍നിന്ന് ഇറങ്ങി നടക്കുന്നതിനിടെ അപകടം സംഭവിച്ചാല്‍ത്തന്നെ അടുത്തടുത്തു വീടുകളില്ലാത്തതിനാല്‍ നിലവിളി  കേള്‍ക്കില്ല. സ്വയം മാറി നില്‍ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. എല്ലാ വശവും പരിശോധിച്ചു മാത്രമേ തുടര്‍നീക്കങ്ങള്‍ ആരംഭിക്കൂവെന്ന് പത്തനാപുരം സി ഐ ജെ രാജീവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com