'സാർവ ദേശീയ തലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിച്ച രാഷ്ട്ര തന്ത്രജ്ഞൻ'- പ്രണബിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

'സാർവ ദേശീയ തലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിച്ച രാഷ്ട്ര തന്ത്രജ്ഞൻ'- പ്രണബിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
'സാർവ ദേശീയ തലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിച്ച രാഷ്ട്ര തന്ത്രജ്ഞൻ'- പ്രണബിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സാർവ ദേശീയ തലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്ര തന്ത്രജ്ഞൻ ആയിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചതായും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്‌റുവിയൻ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേർ പിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും  അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. 

അതിപ്രഗത്ഭനായ പാർലമെന്റേറിയൻ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹർദ്ദപൂർണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. 

ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹം പല നിർണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയ സമീപനങ്ങൾ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com