ഇനി കോവിഡ്‌ ബാധിച്ചാൽ തപാൽവോട്ടു മാത്രം; പ്രത്യേക പോസ്റ്റൽ വോട്ട്‌‌ നാളെ മുതൽ

സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പോളിങ് ദിനത്തിനുമുമ്പ് കോവിഡ് മുക്തരായാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല
ഇനി കോവിഡ്‌ ബാധിച്ചാൽ തപാൽവോട്ടു മാത്രം; പ്രത്യേക പോസ്റ്റൽ വോട്ട്‌‌ നാളെ മുതൽ


തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇനി കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ പോകുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ടാകും ചെയ്യാനാകുക. ഇവര്‍ക്ക് കോവിഡ് നെഗറ്റീവായാലും ബൂത്തിലെത്തി വോട്ടുചെയ്യാനാകില്ല. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക തപാല്‍ വോട്ടിങ് നാളെ മുതല്‍ ആരംഭിക്കും.

അതത് ജില്ലകളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ വോട്ട് സ്‌പെഷ്യല്‍ പോളിങ് ടീം നേരിട്ടെത്തി രേഖപ്പെടുത്തുകയാണ് ചെയ്യുക. വോട്ടെടുപ്പ് ദിനത്തിന്റെ പത്തുദിവസംമുമ്പുമുതലാണ് അതത് ജില്ലയില്‍ ലിസ്റ്റ് തയ്യാറാക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പോളിങ് ദിനത്തിനുമുമ്പ് കോവിഡ് മുക്തരായാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നതിനുമുമ്പ് വോട്ടറെയും സ്ഥാനാര്‍ഥികളെയും അറിയിക്കും. 

ബാലറ്റ് കൈമാറുന്ന പ്രക്രിയക്ക് സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ സാക്ഷികളാകാം. ആശുപത്രിയില്‍ ആണെങ്കില്‍പ്പോലും രഹസ്യമായി വോട്ടിന് സൗകര്യം ഒരുക്കും. വോട്ടെടുപ്പിന്റെ തലേദിവസം പകല്‍ മൂന്നുവരെ തപാല്‍വോട്ടിനുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് ഓരോ ദിവസവും തയ്യാറാക്കും. ഇതനുസരിച്ച് യഥാസമയം ബാലറ്റുമായി പോളിങ് ടീം എത്തും. പ്രത്യേക തപാല്‍വോട്ട് ചെയ്യുന്നവര്‍ വ്യക്തമായി വോട്ട് രേഖപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദേശിച്ചു.

സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ടിക് മാര്‍ക്കോ ഇന്റു മാര്‍ക്കോ രേഖപ്പെടുത്താം. മറ്റ് സ്ഥാനാര്‍ഥികളുടെ കോളത്തിലേക്ക് ഇത് നീങ്ങരുത്. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മൂന്ന് ബാലറ്റ് പേപ്പറുണ്ടാകും. വോട്ട് രേഖപ്പെടുത്തിയശേഷം മൂന്ന് സത്യപ്രസ്താവന സഹിതം മൂന്ന് കവറിലാക്കി ഒട്ടിക്കണം. മൂന്ന് കവറും മറ്റൊരു വലിയ കവറിലാക്കി വേണം പോളിങ് ടീമിന് കൈമാറാന്‍. വരണാധികാരിക്ക് തപാലിലോ ആള്‍വശമോ എത്തിക്കാനുമാകും. കവറുകളടക്കം എല്ലാ സാമഗ്രികളും സ്‌പെഷ്യല്‍ പോളിങ് ടീം എത്തിക്കും.

തപാല്‍വോട്ടിന് സ്വമേധയാ തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പ്രത്യേക തപാല്‍ ബാലറ്റിനായി രേഖാമൂലം അപേക്ഷിക്കാം. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം വരണാധികാരിക്ക് സമര്‍പ്പിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇതിനായി ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ പ്രത്യേക തപാല്‍വോട്ടിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഇതിനായി തയ്യാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ആദ്യദിനം ഉള്‍പ്പെട്ടത് 24,621 പേരാണ്. ഇവരില്‍ 8568 പേര്‍ കോവിഡ് പോസിറ്റീവാണ്. 15,053 പേര്‍ ക്വാറന്റൈനിലുള്ളവരും. 88,26,620 വോട്ടര്‍മാരാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ആകെയുള്ളത്. ഇതില്‍ 70 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതത് ജില്ലകളില്‍ ആരോഗ്യവകുപ്പ് സര്‍ട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വരണാധികാരികള്‍ക്കും കൈമാറും. സ്വകാര്യ ആശുപത്രിയില്‍ പോസിറ്റീവ് ആകുന്നവരും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടും. സ്‌പെഷ്യല്‍ ബാലറ്റിനായി കോവിഡ് ബാധിതരോ ക്വാറന്റൈനില്‍ ഉള്ളവരോ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. 

ഇതര ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മുറയ്ക്ക് അവരുടെ ജില്ലയില്‍നിന്ന് വോട്ട് ചെയ്യാനുള്ള ബാലറ്റ് എത്തിക്കും. ഇതര ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ പോയി വോട്ട് ചെയ്ത ബാലറ്റ് ശേഖരിക്കുക പ്രയാസകരമാണ്. അതിനാല്‍ അവര്‍ക്ക് തപാല്‍മാര്‍ഗം വരണാധികാരിക്ക് അയക്കാം. തപാല്‍ ചാര്‍ജ് തെരഞ്ഞെടുപ്പ് കമീഷന്‍ വഹിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com