സ്‌പെഷ്യല്‍ ബാലറ്റ് വിതരണം നാളെ മുതല്‍; അപ്പോള്‍ തന്നെ വോട്ട് രേഖപ്പെടുത്താം; സ്പീഡ് പോസ്റ്റ് അയക്കുന്നര്‍ക്ക് തപാല്‍ ചാര്‍ജ്ജ് ഇല്ല

By സമകാലിക മലയാളം  |   Published: 01st December 2020 08:22 PM  |  

Last Updated: 01st December 2020 08:22 PM  |   A+A-   |  

postal

 

തിരുവനന്തപുരം:  ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ 2 മുതല്‍ ബാലറ്റ് വിതരണം ആരംഭിക്കും. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്  നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ബുധനാഴ്ച മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുക. സ്‌പെഷ്യല്‍  പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം എസ്.എം.എസ്സിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിക്കും.

ബാലറ്റ് ലഭിക്കുമ്പോള്‍ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കില്‍ വോട്ടര്‍ക്ക് അവ തപാലിലൂടെയോ ആള്‍വശമോ വോട്ടെണ്ണലിന് മുന്‍പ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം. ലിസ്റ്റിലെ മറ്റു ജില്ലകളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരി വോട്ടറുടെ ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം ബാലറ്റ് അയച്ച് കൊടുക്കും. ഡിസംബര്‍ ഏഴിന് വൈകിട്ട് മൂന്നു വരെ
പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ്് (സര്‍ട്ടിഫൈഡ് ലിസ്റ്റ്് ) സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് അനുവദിക്കുക.

അപേക്ഷാ ഫോറം (ഫോറം ബി), സത്യപ്രസ്താവനാ ഫോറം, ബാലറ്റ് പേപ്പര്‍, കവറുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയാണ്  സ്‌പെഷ്യല്‍ വോട്ടര്‍ താമസിക്കുന്ന സ്ഥലത്ത് ലഭ്യമാക്കുക. വോട്ടര്‍ അപേക്ഷാ ഫോറവും സത്യപ്രസ്താവനയും പൂരിപ്പിച്ച് നല്‍കണം. വോട്ടറുടെ
സത്യപ്രസ്താവന പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ പേന ഉപയോഗിച്ച് ഗുണന ചിഹ്നം അല്ലെങ്കില്‍ ശരി അടയാളം രേഖപ്പെടുത്തി  വോട്ട് ചെയ്യണം. വോട്ട് ചെയ്തശേഷം ബാലറ്റ്‌പേപ്പര്‍ മടക്കി ചെറിയ കവറിലിട്ട് ഒട്ടിച്ചതിന് ശേഷം ആ കവറും ഡിക്ലറേഷനും അതോടൊപ്പം നല്‍കിയ വലിയ കവറിലിട്ട് സീല്‍ ചെയ്യണം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ തലത്തിലുള്ള ബാലറ്റും ഡിക്ലറേഷനും പ്രത്യേകം കവറില്‍ ഇടണം. അത്തരത്തില്‍ സീല്‍ ചെയ്ത കവറുകള്‍ പോളിംഗ്  ഓഫീസറെ ഏല്‍പ്പിക്കുന്നവര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും.

മറ്റ് ജില്ലകളിലുള്ളവര്‍ അപേക്ഷയും ഗസറ്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വോട്ട് ചെയ്ത ബാലറ്റും കവറുകളിലാക്കിയാണ് വരണാധികാരിക്ക് അയച്ചുകൊടുക്കേണ്ടത്. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം (സ്പീഡ് പോസ്റ്റ്) അയക്കുന്നവരില്‍
നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ല. അതിന്റെ ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക.