കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രിഭാര്യയുടെ ക്ഷേത്രദര്‍ശനം :  ഗുരുവായൂര്‍ ദേവസ്വത്തിനോടും ജില്ലാ കളക്ടറോടും ഹൈക്കോടതി വിശദീകരണം തേടി

പൊതുജനത്തിന് പ്രവേശന അനുമതി ഇല്ലാതിരുന്ന സംയത്താണ് മന്ത്രിപത്‌നിയും കുടുംബവും നാലമ്പലത്തില്‍ പ്രവേശിച്ചതെന്ന് ഹര്‍ജിക്കാരന്‍ 
കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രിഭാര്യയുടെ ക്ഷേത്രദര്‍ശനം :  ഗുരുവായൂര്‍ ദേവസ്വത്തിനോടും ജില്ലാ കളക്ടറോടും ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും കുടുംബാംഗങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ പരാതി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിന് അകത്തുകയറി ദര്‍ശനം നടത്തിയെന്നും, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രിപത്‌നിക്കും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിനോടും തൃശൂര്‍ ജില്ലാ കളക്ടറോടും വിശദീകരണം തേടി. 

പൊതുജനത്തിന് പ്രവേശന അനുമതി ഇല്ലാതിരുന്ന സംയത്താണ് മന്ത്രിപത്‌നിയും കുടുംബവും ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ചതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. തൃശൂര്‍ മരത്താക്കര സ്വദേശി എ നാഗേഷാണ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഭക്തര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ, നവംബര്‍ 26ന് പുലര്‍ച്ചെയായിരുന്നു മന്ത്രി പത്‌നിയും മരുമകളും വിലക്ക് മറികടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

കഴകക്കാര്‍ക്കും കീഴ്ശാന്തിമാര്‍ക്കും പ്രവര്‍ത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്കുള്ളപ്പോഴായിരുന്നു മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രി പത്നിയും കുടംബാംഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിച്ചത്. പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാ സഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്‌നി സുലേഖ സുരേന്ദ്രനും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. 

സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ഒരുമണിക്കൂറിലധികം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ദേവസ്വം ചെയർമാനും രണ്ട് മാനേജിങ് കമ്മിറ്റി അം​ഗങ്ങളും കോവിഡ് മാർ​ഗനിർദേശം ലംഘിച്ചുള്ള ക്ഷേത്രദർശനത്തിൽ മന്ത്രി പത്നിയെയും കുടുംബത്തെയും അനുഗമിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com