സംസ്ഥാനത്ത് അതിശക്തമായ മഴ, യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2020 02:25 PM  |  

Last Updated: 06th December 2020 02:25 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിന്റെയും അറബി കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം ജില്ലയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 1.6 മില്ലിമീറ്റര്‍ മുതല്‍ 3.3 മില്ലിമീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. 

തിങ്കളാഴ്ച വരെ  കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരളത്തിന്റെ തീരപ്രദേശത്തും മണിക്കൂറില്‍ 35  മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍  വേഗതയിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി എന്നീ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35  മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍  വേഗതയിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.