ഇത് സച്ചു തിരികെ തന്ന ജീവൻ, കരളിന്റെ ബലത്തിൽ സുകുമാരിയമ്മയുടെ കത്ത്, മനം നിറഞ്ഞ് അച്ഛനും അമ്മയും

അപകടത്തിൽ മരിച്ച സച്ചുവിന്റെ കരൾ സ്വീകരിച്ച സുകുമാരിയമ്മയാണ് സച്ചുവിന്റെ മാതാപിതാക്കൾക്ക് കത്തെഴുതിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ഹൃദയം തകർന്നിരിക്കുന്നതിന് ഇടയിലും അവർ ചിന്തിച്ചത് മറ്റുള്ളവരെക്കുറിച്ചായിരുന്നു. നഷ്ടപ്പെട്ടു പോകുമായിരുന്ന അഞ്ചുപേരുടെ ജീവൻ മകനിലൂടെ അവർ തിരിച്ചു നൽകി. മാസങ്ങൾക്ക് ശേഷം മകന്റെ കരൾ പകുത്തു വാങ്ങിയ ആളുടെ കത്തുകളാണ് ആ അച്ഛനേയും അമ്മയേയും തേടിയെത്തിയത്. നന്ദിയും സ്നേഹവും നിറഞ്ഞു നിൽക്കുന്ന ആ വരികളിലൂടെ സജിയും സതിയും മകൻ സച്ചുവിനെ കണ്ടു. 

അപകടത്തിൽ മരിച്ച സച്ചുവിന്റെ കരൾ സ്വീകരിച്ച സുകുമാരിയമ്മയാണ് സച്ചുവിന്റെ മാതാപിതാക്കൾക്ക് കത്തെഴുതിയത്. ‘കരൾ രോഗം മൂർഛിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയും ഇപ്പോൾ ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. നിങ്ങൾക്കു ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തിനിടയിലും മനഃസാന്നിധ്യവും സമയോചിതമായ തീരുമാനവും തീർത്തും ദൈവികമാണ്, നിങ്ങളുടെ പ്രവൃത്തിയിലൂടെ ജീവനും ജീവിതവും തിരികെ ലഭിച്ച മനുഷ്യരെക്കണ്ട് സച്ചു മറ്റൊരു ലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും.’ കത്തിൽ കുറിച്ചു. 

കഴിഞ്ഞ ഓഗസ്റ്റ് 14 നാണ് അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സച്ചുവിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് 22 കാരനായ മകൻ സച്ചുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സജിയും സതിയും തീരുമാനിക്കുകയായിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതര കരൾ രോഗവുമായി കഴിഞ്ഞ സുകുമാരിയമ്മയ്ക്കാണ് കരൾ ലഭിച്ചത്. ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് സുകുമാരിയമ്മ സച്ചുവിന്റെ വീട്ടുകാർക്ക് കത്തയച്ചത്. 

ളാക്കാട്ടൂർ മുളംകുന്നത്ത് എം.ഡി. സജി, സതി ദമ്പതികളുടെ മകനാണ് സച്ചു. ഓഗസ്റ്റ് അഞ്ചിന് രാത്രി എട്ടിനാണു തിരുവഞ്ചൂർ മോസ്കോ കവലയിൽ ബൈക്കപകടത്തിൽ സച്ചുവിനു പരുക്കേറ്റത്.  കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ ഓടുന്ന ചെന്നിക്കര ബസിലെ കണ്ടക്ടറായിരുന്നു സച്ചു.  പെരുമ്പാവൂർ കീഴില്ലം സിന്ധുഭവനിൽ കെ.സി. പ്രസാദിന്റെ മകൻ എസ്. നന്ദകുമാറാണ് (25) ഹൃദയം സ്വീകരിച്ചത്. വൃക്കകൾ കോട്ടയം മെഡിക്കൽ കോളജിലെ തന്നെ രോഗിക്കും എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലുള്ള മറ്റൊരു രോഗിക്കും നൽകി. അവയവങ്ങൾ സ്വീകരിച്ച എല്ലാവരും ആരോഗ്യത്തോടെ കഴിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com